കോമിക് മാ​ഗസിൻ ടിങ്കിളിലൂടെ മിന്നൽ മുരളി വീണ്ടും എത്തുന്നു

single-img
19 July 2023

ബേസിൽ ജോസഫ് സംവിധാനം ചെയ്ത് പ്രദർശനത്തിനെത്തി രാജ്യമാകെ പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയ സിനിമയാണ് ‘മിന്നൽ മുരളി’. ടൊവിനോ തോമസ് നായകനായ ഈ സിനിമ മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ എന്ന പരിവേഷവും സ്വന്തമാക്കിയിരുന്നു.

ടൈറ്റിൽ കഥാപാത്രമായ മിന്നൽ മുരളിയായി ടൊവിനോ മികച്ച പ്രകടനം നടത്തിയപ്പോൾ , വില്ലനായി ​ഗുരു സോമസുന്ദരവും അഭിപ്രായം നേടി. വിവിധ സിനിമാ മേഖകളിൽ നിന്നും പ്രശംസ പിടിച്ചു പറ്റിയ ഈ ചിത്രത്തിന് രണ്ടാം ഭാ​ഗം ഉണ്ടാകുമെന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ഈ ചർച്ചകൾ സജീവമായിരിക്കെ പുതിയ ഭാവത്തിൽ മിന്നൽ മുരളി എത്തുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ ബേസിൽ.

പ്രമുഖ കോമിക് മാ​ഗസിനായ ടിങ്കിളിലൂടെ ആണ് മിന്നൽ മുരളി വീണ്ടും എത്തുന്നത്. തെലുങ്ക് നടൻ റാണ ദഗ്ഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയും സോഫിയാ പോളിന്റെ വീക്കെന്റ് ബ്ലോക്ക്ബസ്റ്റേഴ്സും ചേർന്നാണ് മിന്നൽ മുരളിയുടെ കോമിക് കഥാപാത്രത്തെ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. പ്രസിദ്ധമായ സാൻഡിയാ​ഗോ കോമിക് കോണിൽ വെച്ച് മിന്നൽ മുരളിയെ അവതരിപ്പിക്കും.