ട്രാബിയോക് വാട്സപ്പ് കൂട്ടായ്മയ്ക്ക് പൂട്ടിട്ട്  മേപ്പാടി പോളിടെക്‌നിക് കോളേജ്;ഇന്ന് പിടിഎ യോഗം

single-img
8 December 2022

കല്‍പ്പറ്റ: വിദ്യാര്‍ത്ഥി സംഘര്‍ഷമുണ്ടായ വയനാട്ടിലെ മേപ്പാടി പോളിടെക്‌നിക് കോളേജില്‍ ഇന്ന് പിടിഎ യോഗം ചേരും.

മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ അഞ്ച് വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് പുറത്താക്കാനാണ് തീരുമാനം. കോളേജിലെ മയക്കുമരുന്ന് സംഘങ്ങളുടെ ട്രാബിയോക് എന്ന വാട്സപ്പ് കൂട്ടായ്മ നിരോധിക്കാനാണ് കോളേജ് അധികൃതരുടെ തീരുമാനം. സംഘര്‍ഷത്തിലുള്‍പ്പെട്ട മറ്റ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് പ്രിന്‍സിപ്പാളിന്‍റെ അധ്യക്ഷതയില്‍ ചേരുന്ന പിടിഎ യോഗത്തില്‍ തീരുമാനിക്കും.

സഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട കോളേജ് ഡിസംബര്‍ 12 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. കോളേജില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാന്‍ വൈത്തിരി തഹസീല്‍ദാരുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം സര്‍വ്വകക്ഷി യോഗം ചേര്‍ന്നിരുന്നു. കോളേജിലുണ്ടായ സംഘര്‍ഷത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചതായി പ്രിന്‍സിപ്പള്‍ സി. സ്വര്‍ണ്ണ അറിയിച്ചു.

കോളേജിലെ മയക്കുമരുന്ന് സംഘമായ ട്രാബിയോക്കിനെ ചോദ്യം ചെയ്തത് ചോദ്യം ചെയ്ത എസ്‌എഫ്‌ഐ നേതാവ് അപര്‍ണ്ണ ഗൗരിയെ ക്രൂരമായി മര്‍ദ്ദിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. യൂണിയന്‍ തെരഞ്ഞെടുപ്പിനിടെയാണ് മേപ്പാടി പോളി ടെക്നിക്ക് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷമുണ്ടായത്. കോളേജിലെത്തിയ എസ്‌എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്‍റ് അപര്‍ണ ഗൗരിയെ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പോളിടെക്നിക് കോളേജിലെ മയക്കുമരുന്ന് സംഘത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

അപര്‍ണയെ ആക്രമിച്ച സംഭവത്തില്‍ പ്രതികളായ മേപ്പാടി പോളി ടെക്നിക്‌ കോളേജിലെ അഞ്ച്‌ വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ തീരുമാനം. മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ അഭിനന്ദ്‌, അഭിനവ്‌, കിരണ്‍ രാജ്‌, അലന്‍ ആന്റണി, മുഹമ്മദ്‌ ഷിബിലി എന്നിവരെയാണ്‌ കോളേജില്‍നിന്ന്‌ പുറത്താക്കുക. ഇവര്‍ എംഡിഎംഎ ഉപയോഗിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വൈത്തിരി തഹസില്‍ദാറുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ്‌ തീരുമാനം. അതേസമയം മേപ്പാടി പോളിടെക്നിക് കോളേജിലെ ലഹരി ഉപയോഗത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ നര്‍ക്കോട്ടിക് സെല്‍ അന്വേഷണം തുടങ്ങി. ക്യാംപസിനകത്ത് രൂപം കൊണ്ട ട്രാബിയോക് എന്ന സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം.