നടന്‍ ശ്രീനാഥ് ഭാസിയ്ക്ക് വിലക്കേര്‍പ്പെടുത്തിയ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നടപടിയെ വിമർശിച്ച്‌ മമ്മൂട്ടി

single-img
4 October 2022

യുട്യൂബ് അവതാരകയോട് അപമര്യാദയായി പെരുമാറിയതിന് നടന്‍ ശ്രീനാഥ് ഭാസിയ്ക്ക് വിലക്കേര്‍പ്പെടുത്തിയ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടപടി തെറ്റാണെന്ന് നടന്‍ മമ്മൂട്ടി.

പുതിയ ചിത്രമായ റോഷാക്കിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തൊഴില്‍ നിഷേധം തെറ്റാണ്. വിലക്കാന്‍ പാടില്ല. എന്നാല്‍ വിലക്കിയിട്ടില്ലെന്നാണ് തന്റെ അറിവെന്നും മമ്മൂട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.’ചട്ടമ്ബി’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നും അവതാരക പരാതി നല്‍കിയിരുന്നു.

സംഭവത്തിന് പിന്നാലെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് ശ്രീനാഥിനെ വിളിച്ചു വരുത്തുകയും ശേഷം അറസ്റ്റ് ചെയ്യുകയും ചെയ്തു. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍), ഐപിസി 354(ലൈംഗിക ചുവയോടെ സംസാരിക്കല്‍), 294 ബി എന്നീ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശേഷം നടനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടനെ സിനിമയില്‍ നിന്ന് വിലക്കിയത്.ഇരു ഭാഗത്തിന്റെയും വിശദീകരണം കേട്ട ശേഷമാണ് നടപടി സ്വീകരിച്ചതെന്നാണ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. ശ്രീനാഥ് ഭാസി തെറ്റ് അംഗീകരിച്ചെന്നും അതിനാല്‍ മാതൃകാപരമായ നടപടിയെന്ന നിലയ്ക്കാണ് വിലക്കേര്‍പ്പെടുത്തിയതെന്നുമായിരുന്നു സംഘടനയുടെ വിശദീകരണം.