ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷത്തിൽ കെപിസിസിക്ക് അതൃപ്തി; അന്വേഷണത്തിന് നീക്കം

single-img
5 September 2026

ചിറയിൻകീഴിലെ എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ കൈയാങ്കളിയിൽ കെപിസിസിക്ക് കടുത്ത അതൃപ്തി. സംഭവവികാസങ്ങൾ സംബന്ധിച്ച് പാർട്ടി തലത്തിൽ അന്വേഷണം നടത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രമ്യ ഹരിദാസിനൊപ്പമുള്ള പാളയം പ്രദീപിനെതിരെ ആലത്തൂരിലും നേരത്തെ പരാതി ഉയർന്നിരുന്നതായാണ് വിവരം. ഇക്കാര്യവും ഉൾപ്പെടെ പരാതികളുമായി രമ്യ ഹരിദാസ് പാർട്ടി നേതൃത്വത്തെ സമീപിച്ചേക്കും.

ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഇന്നലെയാണ് സംഘർഷമുണ്ടായത്. പ്രാദേശിക കോൺഗ്രസ് നേതാക്കൾ തന്നെ മർദിച്ചുവെന്ന ആരോപണവുമായി രമ്യ ഹരിദാസ് രംഗത്തെത്തിയിരുന്നു. സംഭവത്തിൽ രമ്യ ഹരിദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.

എസ്‌സി, എസ്‌ടി വകുപ്പുകൾ ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഭവത്തിൽ ഇരുവിഭാഗവും പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയ സാഹചര്യത്തിൽ പാർട്ടി നേതൃത്വവും വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നത്. ചിറയിൻകീഴിലെ സംഘർഷത്തിന് പിന്നിലെ സാഹചര്യങ്ങളും നേതാക്കളുടെ പങ്കും പരിശോധിച്ച ശേഷമായിരിക്കും കെപിസിസിയുടെ തുടർനടപടികൾ.