ബൈക്കിൽ ലിഫ്റ്റ് ചോദിച്ച പതിനൊന്നുകാരനെ പീഡിപ്പിച്ചു; കൊല്ലത്ത് ക്ഷേത്ര പൂജാരി പിടിയിൽ

single-img
9 October 2022

കൊല്ലം ജില്ലയിലെ കടയ്ക്കലിൽ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി പിടിയിൽ. കരുനാഗപ്പള്ളി ക്ലാപ്പന സ്വദേശിയായ മണിലാലിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കടയ്ക്കലിലെ ഒരു ക്ഷേത്രത്തിൽ പൂജാരിയാണ് മണിലാൽ . സ്കൂളിൽ നിന്നും ഉച്ചയ്ക്ക് മടങ്ങിയ വിദ്യാര്‍ത്ഥിക്ക് ലിഫ്റ്റ് നൽകി വഴിയിൽ വച്ച് ഷവര്‍മ വാങ്ങി നൽകിയ ശേഷം പ്രതി താമസിക്കുന്ന വീട്ടിലേക്ക് കൊണ്ടുപോയായിരുന്നു പീ‍ഡനം.

സംഭവശേഷം തിരികെ വീട്ടിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബന്ധുക്കൾ കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഇവിടെവെച്ചു ആശുപത്രി അധികൃതർ നടത്തിയ കൗണ്‍സിലിങ്ങിലൂടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പിന്നാലെ മാതാപിതാക്കൾ കടയ്ക്കൽ പൊലീസിൽ പരാതി നൽകി.

കേസ് കൊടുത്തതിനെ തുടർന്ന് ഒളിവിലായിരുന്ന മണിലാലിനെ ഇന്ന് പിടികൂടുകയായിരുന്നു. ഇയാൾ നേരത്തെയും സമാന കേസുകളിൽ പ്രതിയായിട്ടുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.