സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുക്കുന്നത് നാട്ടില്‍ കേട്ടുകേള്‍വിയില്ലാത്തത്; സീതാറാം യെച്ചൂരി പ്രതികരിക്കണമെന്ന് കെ സുരേന്ദ്രൻ

single-img
11 June 2023

തെറ്റായ മാർക്ക്‌ലിസ്റ്റ് വിവാദത്തിൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയ്‌ക്കെതിരെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുക്കുന്നത് നാട്ടില്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചും മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചും വാതോരാതെ സംസാരിക്കുന്ന സിപിഎമ്മിന്റെ ദേശീയ ജനറല്‍ സെക്രട്ടറി എന്തുകൊണ്ടാണ് കേരളത്തിലെ വിഷയത്തില്‍ പ്രതികരിക്കാത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ഭരണകൂടത്തിന്റെ മര്‍ദ്ദനോപാദി എന്ന് നിങ്ങൾ തന്നെ ആക്ഷേപിച്ച പൊലീസിനെ ഉപയോഗിച്ച് കേരളത്തില്‍ മാധ്യമങ്ങളേ കൂച്ചുവിലങ്ങിടുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നവരെ ജയിലിലടയ്ക്കാന്‍ ശ്രമിക്കുകയാണ്.

ഈ പ്രവൃത്തിയെ ചോദ്യം ചെയ്യാന്‍ എന്തുകൊണ്ടാണ് യെച്ചൂരി തയ്യാറാവാത്തത്. എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയാണ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറും നല്‍കിയത്. ഏതെങ്കിലും ഒരു മാധ്യമം കെട്ടിചമച്ച വാര്‍ത്തയല്ല അതെന്ന് വ്യക്തമാണ്. എന്നിട്ടും ആ വാര്‍ത്തയുടെ പേരില്‍ ഒരു മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത് അവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തുന്നത് അങ്ങേയറ്റം ഫാസിസമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.