ചില ഉറപ്പുകള്‍ ലഭിച്ചിട്ടുണ്ട്; ചില സഹായങ്ങള്‍ ചെയ്യാം എന്ന് പാര്‍ട്ടി അറിയിച്ചു; രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ കെ സുധാകരന്‍

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്ന് തോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ളവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സുധാകരന്റെ പ്രതികരണം. രാഹുല്‍ ഗാന്ധിയെ കണ്ടതില്‍ അതീവ സന്തോഷമുണ്ടെന്ന് സുധാകരന്‍ പറഞ്ഞു. കൂടിക്കാഴ്ചയില്‍ തനിക്ക് ചില ഉറപ്പുകള്‍ ലഭിച്ചിട്ടുണ്ട്.
ചില സഹായങ്ങള്‍ ചെയ്യാം എന്ന് പാര്‍ട്ടി അറിയിച്ചു. ആ ഉറപ്പുകള്‍ എപ്പോള്‍ പ്രാവര്‍ത്തികമാകും എന്നറിയില്ല. പ്രാവര്‍ത്തികമായാലും ഇല്ലെങ്കിലും സന്തോഷമുണ്ട്. താന്‍ പാര്‍ട്ടിക്ക് വിധേയനാണെന്നും കെ സുധാകരന്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ കേരളത്തിന്റെ ഭാവി ചര്‍ച്ച ചെയ്തു. പാര്‍ട്ടിയിലെ തന്റെ സ്ഥാനം തീരുമാനിക്കേണ്ടത് നേതൃത്വമാണ്. നേതാക്കള്‍ക്ക് മുന്നില്‍ താന്‍ ആവശ്യങ്ങളൊന്നും മുന്നോട്ടുവെച്ചിട്ടില്ല. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. പാര്‍ട്ടിയിലെ സീനിയര്‍ നേതാവിനെ പരിഗണിക്കണം എന്നാണ് തന്റെ നിലപാട്. പാര്‍ട്ടി ആവശ്യപ്പെട്ടതിനാലാണ് കണ്ണൂരില്‍ മത്സരിക്കാത്തതെന്നും സുധാകരന്‍ വ്യക്തമാക്കി.


