തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ മൊബൈൽ ആപ്പിലൂടെ; കെ – സ്മാർട്ട്‌ സംവിധാനം നവംബർ ഒന്ന് മുതൽ: മന്ത്രി എംബി രാജേഷ്

single-img
10 July 2023

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ മൊബൈൽ അപ്ലിക്കേഷൻ വഴി ലഭ്യമാകുന്ന കെ – സ്മാർട്ട്‌ സംവിധാനം നവംബർ ഒന്ന് മുതൽ നടപ്പാക്കുമെന്ന് തദ്ദേശ സ്വയഭരണം എക്‌സൈസ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചതിന്റെ സംസ്ഥാനതല പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ആളുകൾക്ക് വീട്ടിലിരുന്നോ ലോകത്തിലെ ഏത് ഭാഗത്തിൽ നിന്നോ പഞ്ചായത്ത് തല സേവനങ്ങൾ ഓൺലൈനായി ലഭിക്കുന്നതിലൂടെ പഞ്ചായത്തിൽ നേരിട്ടെത്തുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ സഹായകമാകും. തദ്ദേശസ്ഥാപനങ്ങൾ കൂടുതൽ ഡിജിറ്റലൈസ് ചെയ്ത് ജനസൗഹൃദമാക്കുകയാണ് ലക്ഷ്യം.

ഇതിന്റെ അടുത്തഘട്ടമായി വിവിധ സേവനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും ശേഖരിക്കാനുള്ള ‘സിറ്റിസൺ ഫീഡ്ബാക്ക്’ എന്ന സംവിധാനവും നടപ്പാക്കാനുള്ള ആലോചനയിലാണ്. സിറ്റിസൺ ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ റേറ്റിംഗ് നടത്തി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു.