വിവരദോഷിയാണെങ്കിലും എസ്എൻഡിപിയെ ശാക്തീകരിച്ചത് വെള്ളാപ്പള്ളിയാണ്; അതുകൊണ്ട് വെള്ളാപ്പള്ളിയോട് ക്ഷമിക്കുന്നു: പിസി ജോർജ്ജ്

single-img
3 March 2024

നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി തന്നെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കാത്തതിൽ ക്രൈസ്തവ സംഘടനകൾക്ക് നിരാശയുണ്ടെന്ന് പി സി ജോർജ്. ഈ നിരാശ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചേക്കാം. തനിക്ക് സ്ഥാനാർത്ഥിത്വം നൽകുന്നതിൽ വെള്ളാപ്പള്ളി നടേശൻ തടസം നിന്നു. അയാളാണ് സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും ജോർജ്ജ് പരിഹസിച്ചു.

കേരളത്തിൽ തെരഞ്ഞെടുപ്പിൽ എല്ലാ പാർടിയുടെയും സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നത് വെള്ളാപ്പള്ളിയാണ്. പത്തനംതിട്ട മണ്ഡലത്തിൽനിന്ന് തന്നെ ഒഴിവാക്കുന്നതിനായി പ്രവർത്തിച്ച തുഷാർ വെള്ളാപ്പള്ളിക്കും വെള്ളാപ്പള്ളി നടേശനും പ്രതിഫലം ദൈവം കൊടുക്കുമെന്നും പി സി ജോർജ് പറഞ്ഞു.

ഇത്തവണ പത്തനംതിട്ട മണ്ഡലത്തിൽ താൻ സ്ഥാനാർഥിയാകുമെന്ന് പ്രവർത്തകർ ആഗ്രഹിച്ചിരുന്നു. ബിജെപിയിൽ വളരെ ജൂനിയറാണ് താൻ. സ്ഥാനാർത്ഥിത്വം ആരോടും ചോദിച്ചില്ല. ബിജെപി പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ പിന്തുണയ്ക്കും. വിവരദോഷിയാണെങ്കിലും എസ്എൻഡിപിയെ ശാക്തീകരിച്ചത് വെള്ളാപ്പള്ളിയാണ്. അതുകൊണ്ട് വെള്ളാപ്പള്ളിയോട് ക്ഷമിക്കുന്നു.

ഈ വിമർശനത്തിൽ തുഷാർ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയോട് പരാതി പറഞ്ഞാൽ പോകാൻ പറയും. അച്ഛൻ വെള്ളാപ്പള്ളി സി പി ഐഎമ്മും മകൻ ബി ജെ പി യുമാണ്. ഇരുവരുടേയും കച്ചവടതന്ത്രമാണത് എന്നും പി സി ജോർജ് കൂട്ടിച്ചേർത്തു.