അഞ്ചാം ലോകമഹാശക്തിയായി ഇന്ത്യ വളർന്നുവെന്ന പ്രസ്താവനയ്ക്ക് പിന്നിലെ പൊള്ളത്തരം; തോമസ് ഐസക് പറയുന്നു

single-img
7 September 2022

ജിഡിപിയുടെ മൊത്തം തുകയെടുത്താൽ ഇന്ത്യയുടെ സ്ഥാനം ലോകത്ത് അഞ്ചാമത്തേതാണ്. എന്നാൽ ആളോഹരി വരുമാനം എടുത്താൽ ഇന്ത്യയുടെ സ്ഥാനം 142-ാമതാണ് എന്ന് മുൻ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്.. ഈ വിരോധാഭാസത്തിനു നൽകിയ വിശദീകരണം പലരെയും പ്രകോപിപ്പിച്ചിട്ടുണ്ട്. പക്ഷേ, ഇന്ത്യയുടെ അഞ്ചാംസ്ഥാനം പോലെതന്നെ യാഥാർത്ഥ്യമാണ് 142-ാം സ്ഥാനവുമെന്നും അദ്ദേഹം പറയുന്നു.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം. കോവിഡ് പകർച്ചവ്യാധിക്ക് ഉത്തരവാദി മോദി അല്ലായെന്നതു ശരി. പക്ഷേ, ഇതിന്റെ ഫലമായി ലോകത്തെ ഏറ്റവും വലിയ സാമ്പത്തികതകർച്ച നേരിട്ട രാജ്യമായി ഇന്ത്യയെ മാറ്റിയതിൽ അദ്ദേഹത്തിന്റെ സംഭാവന കുറച്ചു കാണാനാവില്ലെന്നും തോമസ് ഐസക് പറയുന്നു.

സാമ്പത്തിക വളർച്ചയുടെ ഫലമായി ലോകത്തെ മറ്റു രാജ്യങ്ങളിലെല്ലാം ജനങ്ങളുടെ ക്ഷേമത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മെച്ചം ഇന്ത്യയിലെ സാധാരണക്കാർക്കു ലഭിക്കുന്നില്ല. മോദി ഭരണത്തിനു കീഴിൽ വളർച്ച ഇടിയുക മാത്രമല്ല ക്ഷേമനേട്ടങ്ങളും പിന്നോട്ടടിച്ചു. ഈ യാഥാർത്ഥ്യത്തെ അഞ്ചാം ലോകമഹാശക്തിയായി ഇന്ത്യ വളർന്നുവെന്ന് പെരുമ്പറ കൊട്ടി മറച്ചുവയ്ക്കാനാവില്ല- തോമസ് ഐസക് എഴുതി.

പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:

ജിഡിപിയുടെ മൊത്തം തുകയെടുത്താൽ ഇന്ത്യയുടെ സ്ഥാനം ലോകത്ത് അഞ്ചാമത്തേതാണ്. എന്നാൽ ആളോഹരി വരുമാനം എടുത്താൽ ഇന്ത്യയുടെ സ്ഥാനം 142-ാമതാണ്. ഈ വിരോധാഭാസത്തിനു നൽകിയ വിശദീകരണം പലരെയും പ്രകോപിപ്പിച്ചിട്ടുണ്ട്. പക്ഷേ, ഇന്ത്യയുടെ അഞ്ചാംസ്ഥാനം പോലെതന്നെ യാഥാർത്ഥ്യമാണ് 142-ാം സ്ഥാനവും.

മേൽപ്പറഞ്ഞതു ശരിയാണെങ്കിലും മറ്റു രാജ്യങ്ങളേക്കാൾ വേഗതയിൽ ഇന്ത്യയിൽ സാമ്പത്തിക വളർച്ച ഇപ്പോൾ ഉണ്ടാകുന്നില്ലേയെന്ന ചോദ്യം ന്യായമാണ്. ഇതു പരിഗണിച്ച് ഇന്ത്യ പോലെ ചൈന, ബ്രസീൽ, റഷ്യ, ദക്ഷിണാഫ്രിക്ക, തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ തുടങ്ങിയവയെ എമർജിംഗ് എക്കണോമീസ് എന്നാണു വിശേഷിപ്പിക്കുക. ഈ വേഗതയിൽ വളർന്നുകൊണ്ടിരുന്നാൽ ഈ രാജ്യങ്ങൾ സാമ്പത്തിക മേധാശക്തികളായി ഭാവിയിൽ വളരും.

എന്നാൽ ഈ ലക്ഷ്യം കൈവരിക്കുന്നതിന് മോദിയുടെ നയങ്ങൾ പര്യാപ്തമല്ലായെന്നത് കണക്കുകൾ പരിശോധിച്ചാൽ കാണാം. കൊളോണിയൽ കാലത്ത് ഇന്ത്യ ശരാശരി പ്രതിവർഷം ഏതാണ്ട് ഒരു ശതമാനം വീതമാണ് സാമ്പത്തിക വളർച്ച നേടിയത്. സ്വാതന്ത്ര്യാനന്തര കാലത്ത് അഭ്യന്തര കമ്പോളത്തെ ആസ്പദമാക്കിയുള്ള മിശ്ര സമ്പദ് വ്യവസ്ഥ നയം സ്വീകരിച്ചതിന്റെ ഫലമായി നമ്മുടെ സാമ്പത്തിക വളർച്ച 3.5 ശതമാനമായി ഉയർന്നു. പിന്നെയും ഗതിവേഗം വർദ്ധിപ്പിക്കുന്നതിനാണ് 1980-കളിൽ കയറ്റുമതിയോന്മുഖ വികസന തന്ത്രം ആവിഷ്കരിച്ചത്. ആ ദശകത്തിൽ സാമ്പത്തിക വളർച്ച 5 ശതമാനമായി ഉയർന്നു. 1991 മുതൽ പഴയനയങ്ങൾ പാടേ ഉപേക്ഷിച്ച് കമ്പോള വികസന മാതൃക സ്വീകരിച്ചു. ഇതിന്റെ ഫലമായി ശരാശരി വളർച്ച 7.5 ശതമാനമായി ഉയർന്നു.

എന്നാൽ മോദിയുടെ 8 വർഷക്കാല ഭരണം സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിച്ചു. ഇത് താഴെ കൊടുത്തിരിക്കുന്ന ഗ്രാഫിൽ കൃത്യമായി കാണാം. 2016-17-ൽ സാമ്പത്തിക വളർച്ച 8.3 ശതമാനം ആയിരുന്നത് പിന്നീടുള്ള വർഷങ്ങളിൽ അത് 7.0%, 6.1%, 4% എന്നിങ്ങനെ അനുക്രമമായി കുറഞ്ഞു. വികലമായ സാമ്പത്തിക നയങ്ങളാണ് ഇതിനു മുഖ്യകാരണം. ഏറ്റവും വലിയ വിഡ്ഡിത്തം നോട്ട് നിരോധനം തന്നെ. ജി.എസ്.ടി നടപ്പാക്കിയ രീതിയും തിരിച്ചടിയായി. അങ്ങനെ കോവിഡിനു മുന്നേ ശരാശരി സാമ്പത്തിക വളർച്ച 4 ശതമാനമായി താഴ്ന്നു കഴിഞ്ഞിരുന്നു. മോദിയുടെ ആദ്യ ആറ് വർഷത്തെ ശരാശരി സാമ്പത്തിക വളർച്ച 6.8 ശതമാനമാണ്. 1991-നുശേഷം ഉണ്ടായ 7.5 ശതമാന വളർച്ചയേക്കാൾ താഴ്ന്നത്.


കോവിഡ് പകർച്ചവ്യാധിക്ക് ഉത്തരവാദി മോദി അല്ലായെന്നതു ശരി. പക്ഷേ, ഇതിന്റെ ഫലമായി ലോകത്തെ ഏറ്റവും വലിയ സാമ്പത്തികതകർച്ച നേരിട്ട രാജ്യമായി ഇന്ത്യയെ മാറ്റിയതിൽ അദ്ദേഹത്തിന്റെ സംഭാവന കുറച്ചു കാണാനാവില്ല. കോവിഡിനുശേഷം സ്വാഭാവികമായി -8 ശതമാനത്തിൽ നിന്നും വളർച്ച 8.7% ആയി 2021-22-ൽ ഉയർന്നിട്ടുണ്ട്. പക്ഷേ, മൊത്തം ജിഡിപി കോവിഡിനുമുമ്പ് ഉണ്ടായിരുന്ന നിലയേക്കാൾ അൽപ്പം ഭേദപ്പെട്ടിട്ടുണ്ട്. ഈ വീണ്ടെടുപ്പാവട്ടെ ഇപ്പോൾ വീണ്ടും പ്രശ്നങ്ങളെ നേരിടുകയാണ്.

പുതിയ കാലഘട്ടത്തിൽ സാമ്പത്തികവളർച്ചയുടെ മുഖ്യദൗർബല്യം അതിന്റെ നേട്ടങ്ങളുടെ നീതിപൂർവ്വമായ വിഹിതം ജനങ്ങൾക്കു ലഭിക്കുന്നില്ലായെന്നുള്ളതാണ്. തൊഴിലവസരങ്ങൾ കുറയുന്നു. തൊഴിലില്ലായ്മ ഉയർന്നു. വിദ്യാഭ്യാസം, ആരോഗ്യം, മറ്റു സാമൂഹ്യക്ഷേമ സൗകര്യങ്ങളെല്ലാം ഒച്ചിഴയുന്ന വേഗത്തിലാണു മെച്ചപ്പെടുന്നത്. ഇതുമൂലം ഇന്ത്യയേക്കാൾ വളരെ താഴ്ന്ന വരുമാന വളർച്ചയുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ദാരിദ്ര്യം, പട്ടിണി, വിദ്യാഭ്യാസം, ആരോഗ്യം, ജൻഡർ വ്യത്യാസം, മാനവവിഭവശേഷി തുടങ്ങി എല്ലാം ആഗോള സൂചികകളിലും ഇന്ത്യയുടെ സ്ഥാനം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് താഴേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്.

നമ്മുടെ അയൽപക്ക രാജ്യങ്ങളേക്കാൾ മോശമാണ് വികസന സൂചികകളിൽ ഇന്ത്യയുടെ സ്ഥാനം. മോദി ഭരണത്തിനുകീഴിൽ ഒരൊറ്റ ആഗോള വികസന സൂചികയിൽപ്പോലും ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെട്ടിട്ടില്ല. മോദി അധികാരത്തിൽ വന്ന 2014-നും അതിനുശേഷം കണക്ക് ലഭ്യമായ ഏറ്റവും അവസാന വർഷത്തെയും ചില പ്രധാന വികസന സൂചികകളിൽ ഇന്ത്യയുടെ റാങ്കിലുണ്ടായ ഇടിവ് നോക്കൂ.

🔘 ഐക്യരാഷ്ട്രസഭയുടെ മാനവവികസന സൂചിക – 130 (2014), 131 (2020),
🔘 ഐക്യരാഷ്ട്രസഭയുടെ സന്തോഷം (happiness) സൂചിക – 117 (2015), 139 (2021)
🔘 ലഗാറ്റം അഭിവൃദ്ധി സൂചിക – 99 (2015), 101 (2020)
🔘 ജോർജ് ടൗൺ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ത്രീ സുരക്ഷ സൂചിക – 131 (2017), 133 (2020)
🔘 ലോക ഇക്കണോമിക് ഫോറത്തിന്റെ ആഗോള ജൻഡർ അകല സൂചിക – 114 (2014), 140 (2021)
🔘 അന്തർദേശീയ ഫുഡ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഗോള പട്ടിക സൂചിക – 76 രാജ്യങ്ങളിൽ 55 (2014), 107 രാജ്യങ്ങളിൽ 94 (2021)
🔘 സേവ് ചിൽഡ്രന്റെ ശൈശവ സൂചിക – 116 (2017), 118 (2021)
🔘 വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ മാനവമൂലധന സൂചിക – 78 (2013), 103 (2017)
🔘 തോംസൺ റോയിട്ടൈഴ്സ് ഫൗണ്ടേഷന്റെ സ്ത്രീകൾക്ക് ഏറ്റവും അപകടകരമായ രാജ്യം – 4 (2011), 1 (2018)
🔘 ബ്ലുംബർഗ് ആരോഗ്യ സൂചിക – 103 (2015), 120 (2019)
🔘 ലോകബാങ്കിന്റെ മാനവമൂലധന സൂചിക – 115 (2018), 116 (2020)
🔘 സുസ്ഥിരവികസന സൂചിക – 110 (2016), 120 (2021)

സാമ്പത്തിക വളർച്ചയുടെ ഫലമായി ലോകത്തെ മറ്റു രാജ്യങ്ങളിലെല്ലാം ജനങ്ങളുടെ ക്ഷേമത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മെച്ചം ഇന്ത്യയിലെ സാധാരണക്കാർക്കു ലഭിക്കുന്നില്ല. മോദി ഭരണത്തിനു കീഴിൽ വളർച്ച ഇടിയുക മാത്രമല്ല ക്ഷേമനേട്ടങ്ങളും പിന്നോട്ടടിച്ചു. ഈ യാഥാർത്ഥ്യത്തെ അഞ്ചാം ലോകമഹാശക്തിയായി ഇന്ത്യ വളർന്നുവെന്ന് പെരുമ്പറ കൊട്ടി മറച്ചുവയ്ക്കാനാവില്ല.

https://www.facebook.com/photo/?fbid=665188871629056&set=a.557289772418967