ജാതിവ്യവസ്ഥയുണ്ടാക്കിയ ദുരന്തം മാറണമെങ്കില്‍ ജാതി രഹിത സമൂഹമുണ്ടാകണം: മന്ത്രി കെ രാധാകൃഷ്ണൻ

single-img
11 November 2023

കേരളത്തിലെ ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷികത്തിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ നോട്ടീസില്‍ കടുത്ത അതൃപ്തി അറിയിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. മനസ്സില്‍ അടിഞ്ഞിരിക്കുന്ന ജാതി ചിന്ത പെട്ടന്ന് പോവില്ല. അതിങ്ങനെ തികട്ടി വരും. ജാതിവ്യവസ്ഥയുണ്ടാക്കിയ ദുരന്തം മാറണമെങ്കില്‍ ജാതി രഹിത സമൂഹമുണ്ടാകണമെന്നും മന്ത്രി തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട്
സംസാരിക്കവെ പറഞ്ഞു.

ജാതിക്കെതിരെയുള്ള ധാരാളം പ്രക്ഷോഭങ്ങള്‍ നടന്ന നാടാണിത്. എന്നാൽ പോലും ചിലതൊക്കെ അവശേഷിക്കുന്നു. വലിയ പോരാട്ടത്തിലൂടെ മാത്രമേ അത് മാറ്റാനാകൂവെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപനെ മന്ത്രി കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടീസ് പിന്‍വലിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.

തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് വരുന്ന തിങ്കളാഴ്ച സംഘടിപ്പിക്കുന്ന ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87-ാം വാര്‍ഷികപരിപാടിയുടെ നോട്ടീസിനെ ചൊല്ലിയാണ് വിവാദമുയര്‍ന്നത്. പൂർണ്ണമായും രാജഭക്തി വെളിവാക്കുന്ന ബോര്‍ഡിന്റെ നോട്ടീസില്‍ പരിപാടിയിലെ അതിഥികളായ രാജകുടുംബാംഗങ്ങളെ വിശേഷിപ്പിക്കുന്നത് രാജ്ഞിമാര്‍ എന്നും തമ്പുരാട്ടിമാര്‍ എന്നും ക്ഷേത്രപ്രവേശനത്തിന് കാരണം രാജാവിന്റെ കരുണയാണെന്നും വരെ തോന്നിപ്പിക്കുന്നുവെന്നായിരുന്നു വിമര്‍ശനം.