സിനിമയിലെത്തിയില്ലെങ്കിൽ വീട്ടുകാർ കല്യാണം കഴിപ്പിച്ചേനേ; മനസുതുറന്ന് അനിഷ്മ അനിൽകുമാർ

single-img
22 October 2026

തമിഴ് സിനിമാ ലോകത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുന്ന മലയാളി താരം അനിഷ്മ അനിൽകുമാറിന്റെ വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. സിനിമയിലെത്തിയില്ലായിരുന്നെങ്കിൽ വീട്ടുകാർ വിവാഹം കഴിപ്പിച്ചയച്ചേനെയെന്ന് താരം പറഞ്ഞു. ജെഎഫ്ഡബ്ല്യു ബിഞ്ച് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കുടുംബ പശ്ചാത്തലത്തെക്കുറിച്ചും സിനിമയിലേക്കുള്ള വരവിനെക്കുറിച്ചും അനിഷ്മ മനസുതുറന്നത്.

സാമ്പത്തികമായി സ്വതന്ത്രയാകുമ്പോഴാണ് സ്വന്തം അഭിപ്രായങ്ങൾക്ക് വില ലഭിക്കുന്നതെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്ന് അനിഷ്മ പറഞ്ഞു. താൻ വളർന്ന സാഹചര്യത്തിൽ ചുറ്റുമുള്ളവരുടെയെല്ലാം വിവാഹം വീട്ടുകാർ നിശ്ചയിച്ചുറപ്പിക്കുന്ന രീതിയിലായിരുന്നു. കോളേജ് കാലത്തും അതിനുശേഷവും പ്രണയവിവാഹത്തെ വീട്ടുകാർ തെറ്റായ കാര്യമായാണ് കണ്ടിരുന്നതെന്നും താരം വ്യക്തമാക്കി.

അച്ഛനും അമ്മയും ജീവിതപങ്കാളിയെ കണ്ടെത്തി നൽകുകയും അവർ പറയുന്ന വ്യക്തിയെ വിവാഹം കഴിക്കുകയും ചെയ്യുന്നതാണ് വീട്ടുകാർ സ്വാഭാവികമായി കരുതിയിരുന്നതെന്ന് അനിഷ്മ പറഞ്ഞു.

സിനിമയിലെത്തിയില്ലായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നുവെന്ന ചോദ്യത്തിന്, ഏതെങ്കിലും സർക്കാർ ജോലിക്കായി പി.എസ്.സി. പഠിക്കുമായിരുന്നുവെന്നും എന്നാൽ അതിൽ താൽപ്പര്യമില്ലാത്തതിനാൽ വിജയിക്കാനുള്ള സാധ്യത കുറവായിരുന്നുവെന്നും താരം മറുപടി നൽകി. ഒടുവിൽ വീട്ടുകാർ തന്നെ വിവാഹം കഴിപ്പിച്ചയച്ചേനെയെന്നും അനിഷ്മ കൂട്ടിച്ചേർത്തു.

സ്വന്തം അഭിപ്രായങ്ങൾക്ക് വില ലഭിക്കാനും ജീവിതത്തിലെ തീരുമാനങ്ങൾ സ്വയം എടുക്കാനുമുള്ള സ്വാതന്ത്ര്യം നേടാനും സാമ്പത്തിക സ്വയംപര്യാപ്തത അനിവാര്യമാണെന്നും താരം അഭിപ്രായപ്പെട്ടു. എന്നാൽ ഇപ്പോൾ തന്റെ കരിയറിന് കുടുംബത്തിൽനിന്ന് പൂർണ പിന്തുണ ലഭിക്കുന്നുണ്ടെന്നും ഇഷ്ടമുള്ളതുപോലെ ജീവിക്കാനാണ് വീട്ടുകാർ പറയുന്നതെന്നും അനിഷ്മ അഭിമുഖത്തിൽ വ്യക്തമാക്കി.