വാര്‍ത്താ സമ്മേളനത്തില്‍ ഗവർണർ പ്രശംസയും സ്‌നേഹവും വാരിക്കോരി നല്‍കിയത് ആര്‍എസ്എസിനാണ്: മുഖ്യമന്ത്രി

single-img
21 September 2022

സംസ്ഥാന സർക്കാരിനെതിരെ നിലപാടുകൾ സ്വീകരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രൂക്ഷമായ മറുപടികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭയുടെ എടുക്കുന്ന തീരുമാനപ്രകാരമാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നാണ് ഭരണഘടന പറയുന്നത്.

മന്ത്രിസഭ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് ഷംസെര്‍ സിംഗ് കേസിലെ സുപ്രീം കോടതി വിധി കോടതി വിധി പറഞ്ഞിരുന്നെന്ന് മുഖ്യമന്ത്രി ഇന്ന് ചൂണ്ടിക്കാണിച്ചു. ഗവര്‍ണര്‍ ഔദ്യോഗിക വസതിയായ രാജ്ഭവനില്‍ നടത്തിയ വാര്‍ത്ത സമ്മേളനം രാജ്യത്ത് അസാധാരണമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ സാധാരണയായി നിന്ന് പറയുന്നത് അന്ന് ഇരുന്നു കൊണ്ട് പറഞ്ഞു. സമസ്താന സർക്കാരും ഗവർണറും തമ്മിലുള്ള ആശയവിനിമയത്തിന് മാര്‍ഗങ്ങളുണ്ട്. സർക്കാരിനോട് തീരുമാനങ്ങളിൽ വിയോജിപ്പ് ഉണ്ടെങ്കില്‍ അറിയിക്കാം. അതിനു പകരം ഗവര്‍ണര്‍ പരസ്യ നിലപാട് എടുക്കുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ: രാജ്യത്തിന്റെ ഭരണഘടന പ്രകാരം ഗവര്‍ണര്‍ സംസ്ഥാനത്തെ ഭരണഘടനാത്തലവനാണ്. ഭരണനിര്‍വഹണ അധികാരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ്. മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ചുവേണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. ഗവര്‍ണര്‍ ഒപ്പിട്ടിരിക്കുന്ന ഒരു നിയമത്തിനും തീരുമാനത്തിനും അദ്ദേഹത്തിന് വ്യക്തിപരമായി ഉത്തരവാദിത്തമില്ല. ആ ഉത്തരവാദിത്വം സര്‍ക്കാരിന്റെതാണ്.

1974 ലെ ഷംഷേര്‍സിങ്ങ് കേസില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചുമാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് വ്യക്തമാക്കിയതാണ്. മന്ത്രിസഭയുടെ തീരുമാനം നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് ഒരവകാശവുമില്ലെന്നും ഈ കേസിന്റെ വിധിന്യായത്തില്‍ സ്പഷ്ടമാക്കുന്നുണ്ട്. രാജ്യത്തെ കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ കുറിച്ച് പഠിച്ച സര്‍ക്കാരിയാ കമ്മീഷന്‍ 1988 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗവര്‍ണര്‍ പദവിയെക്കുറിച്ച് പറയുന്നത് ഗവര്‍ണര്‍ ഒരു ഡിറ്റാച്ഡ് ഫിഗര്‍ ആവണമെന്നാണ്. സജീവ രാഷ്ട്രീയത്തില്‍ ഇടപെടാത്ത, ഭരണ പാര്‍ട്ടിയില്‍ അംഗമല്ലാത്ത ആളാവണം എന്നാണ്.

കേന്ദ്രത്തിന്റെ ഏജന്റിനെ പോലെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ പെരുമാറുന്നത് ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. ഹര്‍ഗോവിന്ദ് പന്ത് ്‌ െരഘുകുല്‍ തിലക് കേസില്‍ ഗവര്‍ണര്‍ കേന്ദ്ര ഗവണ്മെന്റെ ജീവനക്കാരന്‍/ഏജന്റ് അല്ല എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ഇത്തരം കോടതി വിധികളും ഭരണഘടനാ കണ്‍വെന്‍ഷനുകളും കാറ്റില്‍ പറത്തുന്ന അനുഭവം വിപത്കരമാണ്.

ഗവർണർ വാര്‍ത്താ സമ്മേളനത്തില്‍ പ്രശംസയും സ്‌നേഹവും വാരിക്കോരി നല്‍കിയത് ആര്‍എസ്എസിനാണ്. ഗവര്‍ണര്‍ സംഘടനകളില്‍ നിന്നും അകലം പാലിക്കേണ്ട ഭരണഘടനാ പദവിയാണ്. അത്തരമൊരു പദവിയിലിരുന്നുകൊണ്ട് താന്‍ ആര്‍എസ്എസ് പിന്തുണയുള്ള ആളാണ് എന്ന് ഊറ്റം കൊള്ളുന്നത് ശരിയാണോ എന്ന് അദ്ദേഹവും അദ്ദേഹത്തെ സഹായിക്കുന്നവരും വ്യക്തമാക്കേണ്ടതുണ്ട്. ഭരണഘടനയും കേന്ദ്ര സംസ്ഥാന ബന്ധങ്ങളെകുറിച്ച് പഠിച്ച വിവിധ കമ്മിറ്റികളും പറയുന്നതില്‍ നിന്നും വിപരീതമായി ഗവര്‍ണറുടെ ഓഫീസിനെ രാഷ്ട്രീയ ഉപജാപങ്ങളുടെ കേന്ദ്രമാക്കുകയാണ് എന്ന ശക്തമായ ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. അത് ഗൗരവമുള്ള വിഷയമാണ്.

1986 മുതല്‍ തന്നെ തനിക്ക് ആര്‍എസ്എസ് ബന്ധം ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. 1986 ന് ശേഷം 1990 ല്‍ ആരിഫ് മുഹമ്മദ് ഖാന്‍ മന്ത്രിയായിരുന്ന വിപി സിംഗ് സര്‍ക്കാരിനെ താഴെയിറക്കിയത് ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്നുകൊണ്ടാണ്. മണ്ഡല്‍ കമ്മീഷന്‍ വിഷയമടക്കം ഉയര്‍ത്തിയാണ് ആര്‍എസ്എസ് വിപി സിംഗ് സര്‍ക്കാരിനെ അട്ടിമറിച്ചത്. താന്‍ മന്ത്രിയായിരിക്കുന്ന സര്‍ക്കാരിനെ വലിച്ചു താഴെയിട്ട ആര്‍എസ്എസുമായി ആ സമയത്തുതന്നെ അടുത്ത ബന്ധം പുലര്‍ത്തിയ വ്യക്തിയാണ് അദ്ദേഹം എന്നല്ലേ ഇതിനര്‍ത്ഥം?

ആര്‍എസ്എസിനോട് കേരളത്തിലെ പൊതുസമൂഹത്തിനും ഇടതുപക്ഷത്തിനും കൃത്യമായ നിലപാടുണ്ട്. വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും വക്താക്കളാണ് ആര്‍എസ്എസ് എന്നതാണ് ആ നിലപാട്. ഗാന്ധിജി വധിക്കപ്പെട്ടപ്പോള്‍ നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍എസ്എസ്.