സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും

single-img
13 September 2022

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. ശമ്ബളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചത് പുനസ്ഥാപിച്ചില്ലെന്ന് ആരോപിച്ചാണ് കെ.ജി.എം.ഒ.

എയുടെ സമരം . ജില്ലാ ആസ്ഥാനങ്ങളിലും ആരോഗ്യവകുപ്പ് ആസ്ഥാനത്തും പ്രതിഷേധ ധര്‍ണ നടത്തും. അടുത്ത മാസം 11ന് കൂട്ട അവധിയെടുത്ത് സമരം ചെയ്യാനാണ് തീരുമാനം. ആരോഗ്യമന്ത്രി നേരിട്ട് നല്‍കിയ ഉറപ്പുകള്‍ പോലും പാലിക്കാത്തതിലാണ് ഡോക്ടര്‍മാരുടെ പ്രതിഷേധം

ഡോക്ടര്‍മാരുടെ ആരോപണങ്ങളും ആവശ്യങ്ങളും

ജനുവരി 2021 ന് ഉത്തരവായ പതിനൊന്നാം ശമ്ബള പരിഷ്കരണത്തില്‍ അടിസ്ഥാന ശമ്ബളത്തിലടക്കം കുറവു വരുത്തിക്കൊണ്ട് ആരോഗ്യവകുപ്പ് ഡോക്ടര്‍മാരോട് കടുത്ത അവഗണനയും അവഹേളനവുമാണ് ഉണ്ടായത്. ദീര്‍ഘനാള്‍ നീണ്ട നില്‍പ്പ് സമരവും, സെക്രട്ടറിയേറ്റ് ധര്‍ണ്ണയും വാഹന പ്രചരണ ജാഥയുമുള്‍പ്പടെയുള്ള പ്രതിഷേധങ്ങളെ തുടര്‍ന്ന് 15.01.2022 ന് ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രിയുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രശ്നപരിഹാരത്തിനുള്ള ഉറപ്പുകള്‍ സര്‍ക്കാര്‍ രേഖാമൂലം കെ ജി എം ഒ എ ക്ക് നല്‍കിയതാണ്.

‘ധനകാര്യ വകുപ്പുമായി ആശയവിനിമയം നടത്തിയതിന്‍്റെ അടിസ്ഥാനത്തില്‍ സമയബന്ധിത ഹയര്‍ ഗ്രേഡ് സംബന്ധിച്ചും, 3:1 റേഷ്യോയില്‍ സ്ഥാനക്കയറ്റം നല്‍കുന്നത് സംബന്ധിച്ചും, റൂറല്‍ – ഡിഫിക്കള്‍ട്ട് റൂറല്‍ അലവന്‍സ് വര്‍ദ്ധിപ്പിക്കുന്നതു സംബന്ധിച്ചും ഉടന്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ നടപടിയുണ്ടാകും. എന്‍ട്രി കേഡറിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് അടിസ്ഥാന ശമ്ബളം വെട്ടിക്കുറച്ച്‌ 8500 രൂപ മാസം നഷ്ടമുണ്ടായതും 2019 ന് ശേഷം പ്രമോഷന്‍ കിട്ടുന്നവര്‍ക്ക് പേഴ്സണല്‍ പേ അനുവദിക്കാത്തതും ഉള്‍പ്പെടെയുള്ള മറ്റ് നിരവധി കാര്യങ്ങള്‍ ധനകാര്യ വകുപ്പ് പരിശോധിച്ചു വരികയാണ്, ഇവ ന്യായമായ വിഷയങ്ങളായതിനാല്‍ പോസിറ്റീവ് റിസള്‍ട്ട് ഉണ്ടാകും.’ സര്‍ക്കാര്‍ രേഖാമൂലം കെ ജി എം ഒ എ ക്ക് നല്‍കിയ ഉറപ്പാണിത്.

സര്‍ക്കാര്‍ നല്‍കിയ രേഖ മൂലമുള്ള ഉറപ്പിന്‍്റെയും കോവിഡ് മൂന്നാം തരംഗത്തിന്‍്റെയും പശ്ചാത്തലത്തില്‍ പ്രതിഷേധ പരിപാടികള്‍ ഞങ്ങള്‍ മാറ്റിവയ്ക്കുകയായിരുന്നു. നിരന്തരമുള്ള ഇടപെടലുകള്‍ക്ക് ശേഷവും ജനുവരി മാസം ഉത്തരവാകുമെന്ന് പറഞ്ഞ കാര്യങ്ങളില്‍ തുടര്‍ നടപടികള്‍ ഒന്നും ഉണ്ടാവാത്തതിനെ തുടര്‍ന്ന് മെയ് 1ന് ആശുപത്രിക്ക് പുറത്തുള്ള ഡ്യൂട്ടികളില്‍ നിന്നും യോഗങ്ങളില്‍ നിന്നും വിട്ടു നിന്നു കൊണ്ട് പ്രതിഷേധം പുനരാരംഭിക്കാന്‍ കെ ജി എം ഒ എ നിര്‍ബന്ധിതമായി. എന്നാല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരെ അപമാനിക്കുന്ന തരത്തില്‍ കാതലായ വിഷയങ്ങള്‍ ഒന്നും പരിഹരിക്കാതെയാണ് അപാകത പരിഹാര ഉത്തരവ് ഇറങ്ങിയത്. ഇതില്‍ അനുവദിക്കപ്പെട്ട പരിമിതമായ കാര്യങ്ങളിലാകട്ടെ വ്യക്തത ഉണ്ടായിട്ടുമില്ല.

എല്ലാ വിഭാഗം ജനങ്ങളും തങ്ങളുടെ വീടുകളുടെ സുരക്ഷിതത്തില്‍ ഇരുന്ന കോവിഡ് കാലത്ത് സേവന സന്നദ്ധരായിരുന്ന ഡോക്ടര്‍മാരോടുണ്ടായ കടുത്ത അവഗണനക്കെതിരെ എല്ലാ മുഖ്യധാര മാധ്യമങ്ങളും പൊതു സമൂഹവും ശക്തമായി പ്രതികരിച്ചതാണ്. തുടര്‍ന്ന് നല്‍കപ്പെട്ട ഉറപ്പുകളാണ് നാളിതുവരെയായും പാലിക്കപ്പെടാത്തത്. ഇത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്ന് കെ ജി എം ഒ എ അറിയിക്കുന്നു. പരിമിതമായ മാനവവിഭവശേഷി വച്ചു കൊണ്ട് സര്‍ക്കാര്‍ ആശുപത്രികളിലെ വര്‍ദ്ധിച്ചു വരുന്ന തിരക്കിനിടയിലും രോഗീപരിചരണത്തോടൊപ്പം പ്രതിരോധ പ്രവര്‍ത്തനങ്ങളും ഭരണനിര്‍വ്വഹണവും മാതൃകാപരമായി മുന്നോട്ടു കൊണ്ടുപോകുന്ന ആരോഗ്യവകുപ്പ് ഡോക്ടര്‍മാരോടുണ്ടായിരിക്കുന്ന ഈ വാഗ്ദാന ലംഘനം ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ല.

സമാനതകളില്ലാത്ത ഈ അവഗണനക്കെതിരെ പ്രത്യക്ഷ പ്രതിഷേധത്തിലേക്ക് കടക്കാന്‍ കെ ജി എം ഒ എ നിര്‍ബന്ധിതമായിരിക്കുകയാണ്.
ഇതിന്‍്റെ ഭാഗമായി സെപ്തംബര്‍ 13 ചൊവ്വാഴ്ച പ്രതിഷേധ ദിനമായി ആചരിക്കും. രോഗീ പരിചരണം തടസ്സപ്പെടാത്ത രീതിയിലായിരിക്കും പ്രതിഷേധ പരിപാടികള്‍. തിരുവനന്തപുരത്ത് ഡിഎച്ച്‌എസ് ഓഫീസിനു മുന്‍പിലും മറ്റ് ജില്ലകളില്‍ കളക്‌ട്രറ്റ് / ഡി എം ഒ ഓഫീസ് കേന്ദ്രീകരിച്ചും അന്ന് പകല്‍ 2:30 മുതല്‍ 4 മണി വരെ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുന്നു.

ഇത്രമേല്‍ കടുത്ത അവഗണനയുണ്ടായിട്ടും രോഗീ പരിചരണത്തെ ബാധിക്കാത്ത രീതിയിലാണ് കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി കെ ജി എം ഒ എ പ്രതിഷേധം നടത്തിയത്. അവഗണന തുടരുന്ന പക്ഷം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒക്ടോബര്‍ 11ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ സംസ്ഥാന സമിതി തീരുമാനിച്ചിരിക്കുന്നു. രോഗീ പരിചരണത്തെ ബാധിക്കുന്ന സമരത്തിലേക്ക് ഡോക്ടര്‍മാരെ തള്ളിവിടാതെ സംഘടനക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറാവണമെന്ന് കെ ജി എം ഒ എ ആവശ്യപ്പെടുന്നു.

ഡോ ജി എസ് വിജയകൃഷ്ണന്‍ പ്രസിഡണ്ട്
ഡോ ടി എന്‍ സുരേഷ്
ജനറല്‍ സെക്രട്ടറി
കെ ജി എം ഒ എ