സ്വർണവില കുതിക്കുന്നു; പവന്‍ ഒരു ലക്ഷം കടന്ന് സർവകാല റെക്കോർഡ്

വർഷാവസാനം അടുത്തിരിക്കെ സ്വർണവില കുതിച്ചുയരുകയാണ്. പുതുവത്സരത്തോടെ വിലയിൽ കുറവുണ്ടാകുമെന്നായിരുന്നു വിദഗ്ദരുടെ വിലയിരുത്തൽ. എന്നാൽ ആ പ്രതീക്ഷകളെ തകിടംമറിക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ കുതിപ്പ്.
ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 99,840 രൂപയായിരുന്നു. അന്നേ ദിവസം തന്നെ വില ഒരു ലക്ഷം തൊടുമെന്നായിരുന്നു കണക്കുകൂട്ടലുകൾ, എന്നാൽ അത് സംഭവിച്ചിരുന്നില്ല. എന്നാൽ ഇന്ന് ആ കണക്കുകൂട്ടലുകൾ മറികടന്ന് സ്വർണവില സർവകാല റെക്കോർഡിലെത്തി. ഒരു പവൻ സ്വർണത്തിന് ഇന്ന് 1,01,600 രൂപയാണ് വില. നാളുകളായി ലക്ഷം തൊടാൻ മടിച്ചുനിന്ന സ്വർണം ഒടുവിൽ ഈ ചരിത്രനേട്ടത്തിലെത്തി.
ഒരു ഗ്രാം സ്വർണത്തിന് ഇന്നലെ 12,480 രൂപയായിരുന്നു വില. ഇന്ന് അത് 12,700 രൂപയായി ഉയർന്നു.
ഭൗമരാഷ്ട്രീയ പ്രശ്നങ്ങളും യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളുമാണ് സ്വർണവില ഉയരാൻ പ്രധാന കാരണം. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയും ഇന്ത്യയിലെ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
ഈ മാസം ഡിസംബർ 9നായിരുന്നു ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 94,240 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 11,865 രൂപയുമായിരുന്നു.


