പെരിയാറിന് കുറുകെ നീന്തി റെക്കോർഡുമായി അഞ്ച് വയസുകാരൻ

single-img
5 January 2024

പെരിയാർ കുറുകെ നീന്തിക്കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആൾ എന്ന റെക്കോർഡ് നേട്ടവുമായി അഞ്ച് വയസ്സുകാരൻ. ആലുവ സ്വദേശി മുഹമ്മദ് കയ്യിസാണ് മണപ്പുറം മണ്ഡപം കടവിൽ നിന്ന് ദേശം കടവിലേക്ക് 780 മീറ്റർ നീന്തി ‘ഇനിയൊരു മുങ്ങിമരണം സംഭവിക്കാതിരിക്കട്ടെ എല്ലാവരും നീന്തൽ പരിശീലിക്കൂ’ എന്ന സന്ദേശവുമായി പ്രകടനം നടത്തിയത് . കഴിഞ്ഞ 14 വർഷമായി മണപ്പുറം ദേശം കടവിൽ നീന്തൽ പരിശീലിപ്പിക്കുന്ന സജി വാളശ്ശേരിലിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി അൻവർ സാദത്ത് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. കഴിഞ്ഞവർഷം പെരിയാർ നീന്തിക്കടന്ന സുധീർ – റിനുഷ ദമ്പതികളുടെ മകനാണ് യുകെജി വിദ്യാർത്ഥിയായ മുഹമ്മദ് കയ്യിസ്.

‘ഇത് അതിശയമാണ്. അഞ്ച് വയസ്സുള്ള കുട്ടി 780 മീറ്റർ നീന്തുക എന്നത് ഒരു അത്ഭുതമാണ്. എന്റെ നാട്ടുകാരൻ ആണ് ഈ കുട്ടി എന്നതിൽ എനിക്കും അഭിമാനമാണ്. മുഹമ്മദ് കയ്യിസ് ഭാവിയിൽ ഇന്ത്യയുടെ തന്നെ അഭിമാനമായി മാറും എന്നതിൽ സംശയമില്ല,’ എന്ന് അൻവർ സാദത്ത് പറഞ്ഞു. ഏകദേശം മൂന്ന് മാസത്തെ ചിട്ടയായ പരിശീലനത്തോടുവിലാണ് മുഹമ്മദ് കയ്യിസ് പെരിയാർ നീന്തി കടന്നത്.

‘ഇന്ന് ആലുവ പെരിയാർ അഞ്ച് വയസ്സുകാരൻ മുഹമ്മദ് കയ്യിസ് നീന്തി കടന്നിരിക്കുകയാണ്. ഇതിലൂടെ എല്ലാവർക്കും നീന്തൽ പഠിക്കാൻ ഒരു ആഹ്വാനമാണ് കുഞ്ഞ് കയ്യിസ് നൽകുന്നത്. അൽപ്പ സമയം മാറ്റിവെച്ച് നീന്തൽ പഠിക്കുന്നതിന് തയ്യാറായി കഴിഞ്ഞാൽ എല്ലാവർക്കും നീന്തൽ പഠിക്കാൻ കഴിയും. അങ്ങനെ ആരും മുങ്ങി മരിക്കാത്ത ഒരു സ്ഥിതി നമുക്ക് സൃഷ്ടിക്കാൻ കഴിയുമെന്നാണ് കയ്യിസിലൂടെ തെളിയിച്ചത്,’ പരിശീലകൻ സജി വാളശ്ശേരിൽ പറഞ്ഞു.