ചൈനീസ് ലോണ്‍ ആപ്പുകള്‍ക്കെതിരെ നടപടി ശക്തമാക്കി ഇ.ഡി

single-img
11 September 2022

ചൈനീസ് ലോണ്‍ ആപ്പുകള്‍ക്കെതിരെ നടപടി കടുപ്പിച്ച്‌ ഇ.ഡി. വിവിധ സംസ്ഥാനങ്ങളിലെ അപ്പുകളുടെ ഓഫീസുകളിലും ആപ്പ് ഉടമകളുടെ വീടുകളിലും പരിശോധന വ്യാപിപ്പിക്കാന്‍ ഇ.ഡി തീരുമാനിച്ചു.

ഇന്നലെ കൊല്‍ക്കത്തയില്‍ നടന്ന റെയ്ഡില്‍ 7 കോടി രൂപയാണ് പിടിച്ചെടുത്തത്.

ചൈനീസ് ലോണ്‍ ആപ്പുകള്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതോടെയാണ് ഇ.ഡി പരിശോധന വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. ആപ്പുകള്‍ തട്ടിപ്പുകളുടെ വിളനിലമാകുകയാണ്. അത്യാവശ്യ ഘട്ടത്തില്‍ ആപ്പുകള്‍ വഴി പണം വായ്പയായി സ്വീകരിച്ച നിരവധി പേരാണ് പിന്നാലെ ഇവരുടെ ഭീഷണിക്കും പണം തട്ടിപ്പിനും ബ്ലാക്ക് മെയിലിംഗിനും ഇരയാകുന്നത്. ലോണ്‍ സ്വീകരിച്ചവരുടെ സ്വകാര്യ വിവരങ്ങള്‍ തട്ടിപ്പുസംഘത്തിന് ലഭിക്കുന്നുണ്ട്.

ലോണ്‍ ലഭിക്കാന്‍ ഫോണിലെ കോണ്‍ടാക്ടും ഗ്യാലറിയും അടക്കമുള്ള അനുമതിക്കൊപ്പം ആധാര്‍ പാന്‍ നമ്ബറുകളും നല്‍കേണ്ടി വരുന്നതോടെയാണ് സ്വകാര്യ വിവരങ്ങള്‍ സംഘത്തിന് ലഭിക്കുന്നത്. നിരവധി പേര്‍ ഈ ചതിക്കുഴിയില്‍ വീഴുകയും ആത്മഹത്യകള്‍ നടക്കുകയും ചെയ്തതോടെയാണ് പ്രശ്നം ഗുരുതരമായത്. റേസര്‍പേ, പേടിഎം, ക്യാഷ് ഫ്രീ തുടങ്ങിയ ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്പുകളുടെ ബംഗളൂരു ഓഫീസിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. തട്ടിപ്പ് സംഘങ്ങളെ കുറിച്ച്‌ സൂചന ലഭിച്ചതായാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.