സാമ്പത്തിക തട്ടിപ്പ് കേസിൽ പി വി അന്‍വറിന് ഇഡിയുടെ ക്ലീൻ ചിറ്റ്

single-img
30 March 2026

മുന്‍ എംഎല്‍എയും ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ പി വി അൻവറിനെതിരായ സാമ്പത്തിക തട്ടിപ്പുകേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ക്ലീന്‍ ചിറ്റ് നല്‍കി. കേസില്‍ തെളിവില്ലെന്ന റിപ്പോര്‍ട്ട് കലൂര്‍ പിഎംഎല്‍എ കോടതിയില്‍ ഇഡി സമര്‍പ്പിച്ചു എന്നാണ് ലഭിക്കുന്ന വിവരം.

കര്‍ണാടകയിലെ ക്രഷര്‍ ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് അന്വേഷണം നടന്നത്. മലപ്പുറം സ്വദേശിയായ വ്യവസായി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബംഗളൂരു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.ബല്‍ത്തങ്ങാടി താലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറില്‍ ഓഹരി വാഗ്ദാനം ചെയ്ത് പ്രവാസി എന്‍ജിനീയറില്‍ നിന്ന് 50 ലക്ഷം രൂപ വാങ്ങി ലാഭവിഹിതം നല്‍കാതെ വഞ്ചിച്ചെന്നായിരുന്നു ആരോപണം.

ഇതിന്റെ തുടര്‍ച്ചയായാണ് ഇഡി കള്ളപ്പണ ഇടപാട് സംബന്ധിച്ച അന്വേഷണം ആരംഭിച്ചത്. 2021ല്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തിയ ഇഡി, തുടര്‍ന്ന് അന്‍വറിനെ പലതവണ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കേസില്‍ യാതൊരു വിധ തെളിവും കണ്ടെത്താനായില്ലെന്ന് വ്യക്തമാക്കിയാണ് ഇപ്പോള്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.