വിഴിഞ്ഞം തുറമുഖ സമരത്തില്‍ ഇന്നും ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ആര്‍ച്ച്‌ ബിഷപ്പിന്‍റെ സര്‍ക്കുലര്‍ വായിച്ചു

single-img
23 October 2022

തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ സമരത്തില്‍ ഇന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ആര്‍ച്ച്‌ ബിഷപ്പിന്‍റെ സര്‍ക്കുലര്‍ വായിച്ചു.

തുറമുഖ സമരത്തിന്‍റെ നൂറാം ദിനം മുതലപ്പൊഴിയില്‍ കടലിലും കരയിലും സമരം സംഘടിപ്പിക്കുന്നതിന്‍റെ വിശദാംശങ്ങള്‍ അടങ്ങിയ സര്‍ക്കുലറാണ് പള്ളികളില്‍ വായിച്ചത്.വ്യാഴാഴ്ചയാണ് സമരം 100 ദിവസം തികയുന്നത്. പുതുകുറിച്ചി, അഞ്ചുതെങ്ങ് ഫെറോനകളുടെ നേതൃത്വത്തിലാണ് അന്നത്തെ സമരം നിശ്ചയിച്ചിരിക്കുന്നത്. സമരം വിജയിപ്പിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും സര്‍ക്കുലറില്‍ ആഹ്വാനം ഉണ്ട്. തുറമുഖ കവാടത്തിലെ സമരം തുടങ്ങിയതിനു ശേഷം ഇത് ആറാം തവണയാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതക്ക് കീഴിലെ പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കുന്നത്. തുറമുഖ കവാടത്തിലെ ഉപരോധ സമരം ഇന്ന് 70ആം ദിനമാണ്.

പരിസ്ഥിതി ആഘാത പഠനത്തിനായി ഏഴംഗ സമിതിയെ നിയോഗിച്ചു. മൂന്ന് മാസം കൊണ്ട് പഠനം പൂര്‍ത്തിയാക്കാനാണ് തീരുമാനം. പഠന സമിതി തയ്യാറാക്കുന്ന റിപ്പോര്‍ട്ട് പൊതുസമൂഹത്തിന് മുന്നില്‍ വയ്ക്കുമെന്ന് ലത്തീന്‍ അതിരൂപത വികാര്‍ ജനറല്‍ ഫാ. യൂജിന്‍ പെരേര പറഞ്ഞു.അതേസമയം, വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനുള്ള തടസങ്ങളടക്കം നീക്കണമെന്ന ഇടക്കാല ഉത്തരവ് എന്ത് സാഹചര്യമാണെങ്കിലും നടപ്പാക്കിയേ മതിയാകൂവെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.. റോഡുകളിലെ തടസങ്ങളടക്കം മാറ്റാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. ഉത്തരവ് നടപ്പിലാക്കിയതിന്റെ വിശദാംശങ്ങള്‍ ചൊവ്വാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണമെന്നും കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇടക്കാല ഉത്തരവുണ്ടായിട്ടും സമരപ്പന്തല്‍ പൊളിച്ചു മാറ്റിയില്ലെന്നും പൊലീസിന് കഴിയില്ലെങ്കില്‍ കേന്ദ്ര സേനയെ വിളിക്കണമെന്നും അദാനി ഗ്രൂപ്പ് വാദിച്ചു. അതേസമയം ബലം പ്രയോഗിച്ച്‌ ഒഴിപ്പിച്ചാല്‍ മരണം വരെ സംഭവിക്കാം. ക്രമസമാധാനം ഉറപ്പാക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാരിനെതിരായ അദാനി ഗ്രൂപ്പിന്റെയും കരാര്‍ കമ്ബനിയുടെയും കോടതിയലക്ഷ്യ ഹര്‍ജികള്‍ ഹൈക്കോടതി ഇനി ചൊവ്വാഴ്ച്ച പരിഗണിക്കും