സാങ്കേതിക തകരാർ; പറമ്ബിക്കുളം ഡാമിന്റെ ഷട്ടര്‍ തനിയെ തുറന്നു, ജാഗ്രത നിർദേശം

single-img
21 September 2022

സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് പറമ്ബിക്കുളം ഡാമിന്റെ ഷട്ടര്‍ തനിയെ തുറന്നു.

ബുധനാഴ്ച പുലര്‍ച്ചെയാണ് മൂന്നുഷട്ടറുകളിലൊന്ന് തനിയെ തുറന്നത്. സെക്കന്‍ഡില്‍ 20,000 വരെ ക്യുസെക്‌സ് വെള്ളം പുറത്തേക്ക് ഒഴുകുകയാണ്.

ഡാമിന്റെ മൂന്ന് ഷട്ടറുകളും 10 സെന്റീമീറ്റര്‍ വീതം തുറന്ന് വെള്ളം ഒഴുക്കിക്കളയുന്നുണ്ടായിരുന്നു. അതിനിടെയാണ് നടുവിലത്തെ ഷട്ടര്‍ തുറന്നുപോയത്. 25 അടി നീളമുള്ള ഷട്ടറാണ് പൂര്‍ണമായും ഉയര്‍ന്നുപോയത്. സാധാരണ 10 സെന്റീമീറ്റര്‍ മാത്രം തുറക്കാറുള്ള ഷട്ടറാണ് ഇത്രയും ഉയരത്തില്‍ പൊന്തിയത്.

ഇതേത്തുടര്‍ന്ന് ചാലക്കുടി പുഴയിലേക്ക് വെള്ളം ഒഴുകുകയാണ്. അഞ്ചുമണിക്കൂര്‍കൊണ്ട് വെള്ളം ജനവാസമേഖലകളിലേക്ക് എത്തുമെന്നാണ് സൂചന. ചാലക്കുടി പുഴയിലെ ജലനിരപ്പ് 4.5 മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. പുഴയില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുതെന്നും നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.