തീരദേശ റെയിൽപ്പാത ഇരട്ടിപ്പിക്കൽ: പതിറ്റാണ്ടിന്റെ അനിശ്ചിതത്വത്തിന് വിരാമം, കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണായകം

ആലപ്പുഴ വഴിയുള്ള തീരദേശ റെയിൽപ്പാത ഇരട്ടിപ്പിക്കൽ സംബന്ധിച്ച് കഴിഞ്ഞ പത്തു വർഷമായി നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് കെ സി വേണുഗോപാൽ എംപിയുടെ ശക്തമായ ഇടപെടലിലൂടെ വിരാമമായി. പദ്ധതി മൂന്നു പ്രത്യേക ഘട്ടങ്ങളായി വിഭജിച്ച് നടപ്പാക്കുന്നതിലൂടെ പ്രവർത്തനം വേഗത്തിലാക്കാൻ റെയിൽവേ ബോർഡിനു മുന്നിൽ വേണുഗോപാൽ നിർദേശം സമർപ്പിച്ചിരുന്നു.
ജനുവരി മാസത്തോടെ പദ്ധതിയുടെ വിശദമായ റിപ്പോർട്ട് (ഡിപിആർ) പൂർത്തിയാക്കുമെന്ന വിവരം, ഒക്ടോബർ 10ന് ആലപ്പുഴയിൽ നടന്ന അവലോകന യോഗത്തിൽ തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ കെ സി വേണുഗോപാലിനെ അറിയിച്ചിരുന്നു. മൊത്തം പദ്ധതിച്ചെലവ് മൂന്നു ഘട്ടങ്ങളായി വിഭജിക്കാനും തീരുമാനമായി.
ആദ്യഘട്ടമായി അമ്പലപ്പുഴ മുതൽ ആലപ്പുഴ വരെ 12.12 കിലോമീറ്റർ പാത ഇരട്ടിപ്പിക്കൽ ഏറ്റെടുക്കാനാണ് തീരുമാനിച്ചത്. ഇതിന് പിന്നാലെ, ഡിസംബറിൽ ചെന്നൈയിൽ ചേർന്ന പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ യോഗത്തിലും അമ്പലപ്പുഴ–ആലപ്പുഴ പാത ഇരട്ടിപ്പിക്കലിന് പുതുക്കിയ എസ്റ്റിമേറ്റിന് അടിയന്തരമായി അംഗീകാരം നൽകണമെന്ന് കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.
കേരളത്തിൽ പാത ഇരട്ടിപ്പിക്കൽ ഇതുവരെ പൂർത്തിയാകാതെ ബാക്കിയുള്ള ഏക മേഖല അമ്പലപ്പുഴ മുതൽ കുമ്പളം വരെയുള്ള തീരദേശ പാതയാണ്. ഇതിൽ തുറവൂർ–കുമ്പളം ഭാഗത്തെ പാത ഇരട്ടിപ്പിക്കലിന് നേരത്തെ അനുമതി ലഭിച്ചിട്ടുണ്ടെന്നും, ഈ മേഖലയിൽ സ്ഥലം ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ബാക്കിയുള്ള അമ്പലപ്പുഴ–തുറവൂർ മേഖലയിലെ അനിശ്ചിതത്വം പരിഹരിക്കുന്നതിനായി പദ്ധതി മൂന്നു ഘട്ടങ്ങളായി വിഭജിച്ച് എസ്റ്റിമേറ്റ് പുതുക്കണമെന്ന ആവശ്യം കെ സി വേണുഗോപാൽ നേരത്തെ തന്നെ കേന്ദ്ര റെയിൽവേ മന്ത്രാലയത്തോടും റെയിൽവേ ബോർഡിനോടും ഉന്നയിച്ചിരുന്നു.
രണ്ടാം ഘട്ടമായി മാരാരിക്കുളം–തുറവൂർ പാത ഇരട്ടിപ്പിക്കലിന്റെ പുതുക്കിയ എസ്റ്റിമേറ്റ് റെയിൽവേ ബോർഡിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. ഈ മേഖലയ്ക്കായി 430 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. മൂന്നാം ഘട്ടമായ മാരാരിക്കുളം–തുറവൂർ പാത ഇരട്ടിപ്പിക്കൽ പിന്നീട് പരിഗണിക്കുമെന്നാണ് തീരുമാനം.


