കോണ്‍ഗ്രസിന്റെ മഹാ വിജയത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഡി കെ ശിവകുമാര്‍

single-img
13 May 2023

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മഹാ വിജയത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഡി കെ ശിവകുമാര്‍.

മുഴുവന്‍ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് കന്നഡ മണ്ണിലെ ഈ വിജയമെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു. കേഡര്‍ പ്രവര്‍ത്തനത്തിന്റെ വിജയമാണ്. എന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍, നേതാക്കള്‍, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, എന്നിങ്ങനെ ഒരോരുത്തരുടെയും പേരെടുത്ത് അദ്ദേഹം നന്ദി പറഞ്ഞു.

സിദ്ധരാമയ്യയുടെ പ്രവര്‍ത്തനങ്ങളെയും ഡികെ ഓര്‍മ്മിച്ചു. ഇതിനിടെ ജയിലില്‍ കിടന്ന നാളുകളില്‍ തന്നെ കാണാനെത്തിയ സോണിയാ ഗാന്ധിയോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു. ബൂത്ത് ലെവല്‍ മുതലുള്ള പ്രവര്‍ത്തകര്‍ എംഎല്‍എമാര്‍, എഐസിസി, മറ്റ് ജനറല്‍ സെക്രട്ടറി എന്നിവരുടെയടക്കം പ്രവര്‍ത്തനഫലമാണ് ഈ വിജയമെന്നും ഡി കെ പറഞ്ഞു. നിറകണ്ണുകളോടെ കണ്ഠമിടറിയായിരുന്നു ഡികെ മാധ്യമങ്ങളോട് സംസാരിച്ചത്. ഭാരത് ജോഡോ യാത്രയെയും ഡികെ പരാമര്‍ശിച്ചു.

അതിവൈകാരികമായിരുന്നു ഡി കെയുടെ പ്രതികരണം. വെല്ലുവിളി ഉയര്‍ത്തി ബിജെയുടെ വിലയ താര നിര മുന്നില്‍ നിന്ന് നയിച്ച റാലികളും പ്രചാരണങ്ങളും മറുപക്ഷത്ത് നടന്നിട്ടും അതിനെയെല്ലാം നിക്ഷ്പ്രഭമാക്കി വിജയം നേടിയ ഈ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ ആള്‍ എന്നതിനാല്‍ ഈ വിജയത്തിന്റെ ക്രെഡിറ്റ് ഡി കെയുടേത് കൂടിയാണ്. കനക്പുര മണ്ഡലത്തില്‍ നിന്ന് വിജയിക്കുക കൂടി ചെയ്തതോടെ ഇനി അറിയേണ്ടത് ഡി കെ ശിവകുമാര്‍ കര്‍ണാടകുയുടെ മുഖ്യമന്ത്രിയാകുമോ എന്നതാണ്!

മറ്റ് സംസ്ഥാനങ്ങളിലേതടക്കം കോണ്‍ഗ്രസ് സര്‍ക്കാര്‍ ആടിയുലഞ്ഞപ്പോള്‍, എംഎല്‍എമാരെ റാഞ്ചാന്‍ ഓപ്പറേഷന്‍ താമര ഇറങ്ങിയപ്പോള്‍, പണത്തിന്റെ കുത്തൊഴുക്കുണ്ടായപ്പോള്‍ പ്രതിരോധിക്കാന്‍ പണത്തിന് പകരം പണം അല്ലെങ്കില്‍ ശക്തി എന്ന അതേ രീതിയില്‍ പ്രകടിപ്പിക്കാന്‍ കോണ്‍ഗ്രസ് കണ്ടെത്തിയത് ശിവകുമാറിനെയായിരുന്നു.

ഈ തെരഞ്ഞെടുപ്പ് തീരുമാനിച്ചത് മുതല്‍ താന്‍ ഉറങ്ങിയിട്ടില്ല, പ്രവര്‍ത്തകനെ ഉറങ്ങാന്‍ അനുവദിച്ചിട്ടുമില്ല എന്നാണ് ഡി കെ ശിവകുമാര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഉറങ്ങാത്ത രാത്രികള്‍ക്കും ദിവസങ്ങള്‍ക്കും ആഴ്ചകള്‍ക്കുമുള്ള ഫലം കൂടിയാവുകയാണ് ഈ വിജയം. കഴിഞ്ഞ ദിവസം ഏറെ വൈകിയും നടന്ന അഭിമുഖത്തില്‍ ഒടുവില്‍ അദ്ദേഹം പറയുന്നുണ്ടയിരുന്നു, ഇനി ഞാന്‍ ഉറങ്ങട്ടെ എന്ന്…