ഹാജര്‍ കുറവായതിനാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കി

single-img
9 January 2023

ഹാജര്‍ കുറവായതിനാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കി.

കോഴിക്കോട് നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ് (19) ആണ് മരിച്ചത്. ചെന്നൈ എസ്‌ആര്‍എം കോളജിലെ ഒന്നാം വര്‍ഷ റെസ്പിറേറ്ററി തെറാപ്പി വിദ്യാര്‍ത്ഥിയായിരുന്നു ആനിഖ്. ഇന്ന് ഒന്നാം സെമസ്റ്റര്‍ പരീക്ഷ തുടങ്ങാനിരിക്കെയാണ് സംഭവം.

ഇന്നലെ ഉച്ചയ്ക്കുശേഷം നടക്കാവിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം. പരീക്ഷ എഴുതാനുളള തയ്യാറെടുപ്പിലായിരുന്നു ആനിഖ്. എന്നാല്‍ ഹാജര്‍ കുറവായതിനാല്‍ പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് അവസാന നിമിഷം കോളജില്‍ നിന്ന് അറിയിച്ചു. ഇതോടെ ആനിഖ് നിരാശയിലായി. പരീക്ഷാഫീസ് വാങ്ങിയിട്ടും വിദ്യാര്‍ത്ഥിയെ കോളജ് അധികൃതര്‍ പരീക്ഷയെഴുതാന്‍ അനുവദിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

വീട്ടുകാര്‍ ഒരു വിവാഹ ചടങ്ങിന് പോയ സമയത്തായിരുന്നു ആനിഖ് ജീവനൊടുക്കിയത്. തിരിച്ചെത്തിയപ്പോള്‍ വീട്ടിനുളളില്‍ തൂങ്ങിയ നിലയിലാണ് ആനിഖിനെ കണ്ടത്. ഉടന്‍തന്നെ കോഴിക്കോട് സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ നടക്കാവ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

ശ്വാസം മുട്ടല്‍ ഉള്ളതിനാല്‍ ആനിഖിന് പലപ്പോഴും ക്ളാസില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഈ വിവരം കോളജ് അധികൃതരെ അറിയിച്ചിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ പരീക്ഷാഫീടക്കം വാങ്ങിയ ശേഷമാണ് 69 ശതമാനം ഹാജര്‍ മാത്രമെ ഉളളൂ എന്നും പരീക്ഷ എഴുതാന്‍ കഴിയില്ലെന്നും അറിയിച്ചത്, അവര്‍ പറഞ്ഞു.