സിദ്ധാര്‍ഥന്റെ മരണം; എല്ലാ പ്രതികളും അറസ്റ്റിലായെന്ന് പൊലീസ്

single-img
9 March 2024

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. കോഴിക്കോട് സ്വദേശി നസീഫ്, ആലപ്പുഴ സ്വദേശി അഭി എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 20 ആയി.

സിദ്ധാര്‍ഥനെ മര്‍ദിച്ചതിലും സംഭവത്തില്‍ ഗൂഢാലോചന നടത്തിയവരുമാണ് പ്രതികള്‍. സിദ്ധാര്‍ഥന്റെ മരണത്തില്‍ കോളജ് കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുള്ള 31 വിദ്യാര്‍ത്ഥികളിലൊരാളാണ് നസീഫ്. ഇന്ന് രാവിലെ മുതല്‍ ഇവര്‍ പൊലീസ് കസ്റ്റഡിയിലായിരുന്നുവെന്നും ഇവരെ ചോദ്യം ചെയ്ത് വരികയായിരുന്നുവെന്നാണ് വിവരം. കേസില്‍ നിലവില്‍ പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തുവെന്ന് ഡിജിപി അറിയിച്ചു.

കേസ് അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനമായിട്ടുണ്ട്. സിദ്ധാര്‍ഥിന്റെ കുടുംബവുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ മുഖ്യമന്ത്രിയാണ് ഈ ഉറപ്പ് നല്‍കിയത്. സിദ്ധാര്‍ഥിന്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സിദ്ധാര്‍ത്ഥിന്റെ കുടുംബം മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കിയിരുന്നു. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. കേസില്‍ പൊലീസ് അന്വേഷണം നടന്നുവരികയാണ്.