ആദ്യ മത്സരത്തിന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഇന്ന് കളത്തിലിറങ്ങുന്നു

single-img
17 June 2026

ലോകകപ്പിലെ ആദ്യ മത്സരത്തിന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഇന്ന് കളത്തിലിറങ്ങും. കോംഗോയാണ് ആദ്യ മത്സരത്തിൽ പോർച്ചുഗലിൻ്റെ എതിരാളികൾ. രാത്രി പത്തരയ്ക്ക് അമേരിക്കയിലെ ഹ്യൂസ്റ്റൺ സ്റ്റേഡിയത്തിലാണ് ആവേശപ്പോരാട്ടം.

ലോക ഫുട്ബോളിൻ്റെ നിലവിലെ ഏറ്റവും കരുത്തരായ നിരയിലൊന്നാണ് പോർച്ചുഗൽ. ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഇതിഹാസത്തിൻ്റെ സാന്നിധ്യം തന്നെ ടീമിൻ്റെ ഏറ്റവും വലിയ ഊർജം. യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച്, ആധികാരികമായാണ് പോർച്ചുഗൽ വിശ്വവേദിയിലേക്ക് എത്തിയത്. ഇത്തവണ കപ്പിൽ കുറഞ്ഞതൊന്നും റോബർട്ടോ മാർട്ടിനസിൻ്റെ കുട്ടികൾ ലക്ഷ്യം വെക്കുന്നില്ല.

തൻ്റെ 41-ാം വയസിലും പോർച്ചുഗൽ പടയെ നയിക്കാൻ ക്രിസ്റ്റ്യാനോ എത്തുമ്പോൾ അതൊരു ചരിത്ര നിമിഷമാവുകയാണ്. ലോകകപ്പ് ചരിത്രത്തിൽ ആറ് ടൂർണമെൻ്റുകളിൽ ബൂട്ട് കെട്ടുന്ന താരം എന്ന അപൂർവ്വ റെക്കോർഡിലേക്കാണ് റൊണാൾഡോ പന്ത് തട്ടാനിറങ്ങുന്നത്. അവസാന ലോകകപ്പ് യാത്ര ഒരു ഗംഭീര ജയത്തോടെ തുടങ്ങാനാകും സിആർ 7ൻ്റെ ലക്ഷ്യം.

റോബർട്ടോ മാർട്ടിനെസിൻ്റെ പ്രിയപ്പെട്ട 4-3-3 അല്ലെങ്കിൽ 4-2-3-1 ഫോർമേഷനിലായിരിക്കും പോർച്ചുഗൽ കളത്തിലെത്തുക. ഗോൾവല കാക്കാൻ ഒന്നാം നമ്പർ കീപ്പർ ഡീഗോ കോസ്റ്റ. ഒപ്പം പ്രതിരോധമതിൽ തീർക്കാൻ മാർട്ടിനസിൻ്റെ കയ്യിൽ ഒരുപടതന്നെയുണ്ട്. മാഞ്ചസ്റ്റർ സിറ്റിയുടെ റൂബൻ ഡിയാസ്, പിഎസ്‌ജിയുടെ നുനോ മെൻഡസ്, ബാഴ്സതാരം യാവോ കാൻസെലോ, മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഡിയാഗോ ഡാലോട്ട്, ആരാകും ആദ്യ ഇലവനിലെന്നത് മാത്രമാകും ആശങ്ക.

മധ്യനിരയിലും കളിമെനയാൻ കെൽപ്പുള്ള ഒരുപിടി താരങ്ങളെയാണ് സജ്ജരാക്കിയിട്ടുള്ളത്. പ്രീമിയർ ലീഗിലെ അസിസ്റ്റുകളുടെ എണ്ണത്തിൽ റെക്കോർഡ് തകർത്തെത്തുന്ന ബ്രൂണോ ഫെർണാണ്ടസ്, പിഎസ്‌ജിക്ക് വേണ്ടി ട്രെബിൾ കിരീടം നേടിക്കൊടുത്ത വിറ്റീഞ്ഞ, യാവോ നെവസ് സഖ്യം, ഒപ്പം റൂബൻ നെവസും ചേരുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച മിഡ്‌ഫീൽഡ് നിരയായി പോർച്ചുഗൽ മാറും. പന്തെത്തിക്കാൻ ബെർണാഡോ സിൽവയും കൂടിയെത്തുമ്പോൾ ടീം അതിശക്തം.

മറുഭാഗത്ത് എതിരാളികളായ കോംഗോയ്ക്കും ഇത് വെറുമൊരു മത്സരമല്ല, നീണ്ട 52 വർഷത്തെ കാത്തിരിപ്പിൻ്റെ സാഫല്യമാണ്. 1974ൽ സയർ എന്ന പേരിൽ ലോകകപ്പ് കളിച്ചതിന് ശേഷം ഇന്നുവരെ അവർക്ക് യോഗ്യത നേടാനായിരുന്നില്ല. ഫ്രഞ്ച് കോച്ച് സെബാസ്റ്റ്യൻ ഡെസാബ്രെയുടെ കീഴിൽ തന്ത്രങ്ങൾ മെനയുന്ന ആഫ്രിക്കൻ പടയെ പോർച്ചുഗലിന് അത്ര എളുപ്പം തള്ളിക്കളയാനാവില്ല. ആഫ്രിക്കൻ കപ്പിൽ സെമി ഫൈനൽ വരെ എത്തിയ കോംഗോ, മികച്ച കൗണ്ടർ അറ്റാക്കുകളിലൂടെ വമ്പന്മാരെ ഞെട്ടിക്കാൻ പോന്നവരാണ്.

പ്രവചനങ്ങളിൽ പോർച്ചുഗലിന് വലിയ വിജയസാധ്യത കൽപ്പിക്കപ്പെടുന്നുണ്ടെങ്കിലും, ആദ്യ മത്സരത്തിലെ ആഫ്രിക്കൻ വീര്യം മറികടക്കുക മാർട്ടിനസിനും സംഘത്തിനും അത്ര എളുപ്പമല്ല. ഹ്യൂസ്റ്റണിലെ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി പകരുന്നത് തീപാറുന്ന പോരാട്ടമായിരിക്കും.