കാസർഗോഡ് പ്ലസ്ടു വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ CPM ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

single-img
15 September 2022

കാസർഗോഡ്: പ്ലസ് ടു വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ CPM ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായി. പിടിഎ പ്രസിഡന്‍റ് കൂടിയായിരുന്ന പിലിക്കോട് സ്വദേശി ടി. ടി ബാലചന്ദ്രനാണ് അറസറ്റിലായത്. സിപിഎം ഏച്ചിക്കൊവ്വല്‍ ബ്രാ‍ഞ്ച് സെക്രട്ടറിയാണ് അറസ്റ്റിലായ ബാലചന്ദ്രൻ. സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് പെൺകുട്ടിക്കെതിരെ ഇയാൾ ലൈംഗിക അതിക്രമം നടത്തിയത്.

പെൺകുട്ടിയോട് ലൈം​ഗിക ഉദ്ദേശത്തോടെ സംസാരിക്കുകയും സ്പർശിക്കുകയും ചെയ്തെന്നാണ് പെൺകുട്ടിയുടെ പരാതി. നൃത്ത പരിശീലനത്തിനിടെയാണ് ലൈം​ഗിക അതിക്രമം ഉണ്ടായത്.

എറണാകുളം അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം പ്രതി നാട്ടിൽ എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാഞ്ഞങ്ങാട് ഡി. വൈ. എസ്. പി. പി ബാലകൃഷ്ണൻ നായരുടെയും എസ്. ഐ ശ്രീദാസിന്റെയും നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത്.

പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ ചന്തേര പൊലീസ് ഒത്തു കളിക്കുകയാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. സിപിഎമ്മിന്‍റെ സമ്മര്‍ദ്ദത്തിന് വഴങ്ങി നടപടി വൈകിപ്പിക്കുകയാണെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് ആരോപണം.