സ്ത്രീയെന്ന പ്രത്യേക പരിഗണന നൽകി കോടതി; ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ് ജയശ്രീക്ക് മുന്‍കൂര്‍ ജാമ്യം

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീക്ക് മുന്‍കൂര്‍ ജാമ്യം. സ്ത്രീയെന്ന പരിഗണന നല്‍കിയാണ് സുപ്രീം കോടതി ജയശ്രിക്ക് ജാമ്യം അനുവദിച്ചത്. ആരോഗ്യകാരണങ്ങള്‍ ചുണ്ടിക്കാണിച്ചായിരുന്നു ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അതുകൂടി കണക്കിലെടുത്താണ് ജാമ്യം നല്‍കിയിരിക്കുന്നത്. കേസിലെ മറ്റ് ഏഴ് പ്രതികളും ജാമ്യത്തിലാണെന്ന് ജയശ്രീ സുപ്രീം കോടതിയെ അറിയിച്ചു.
ശബരിമലയില്‍ ജോലി ചെയ്തിട്ടില്ലെന്നും അവിടെ പോകുക പോലും ഉണ്ടായിട്ടില്ലെന്നും സ്വര്‍ണപ്പാളികള്‍ പുറത്തുകൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും ജയശ്രീക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസില്‍ ജയശ്രീയെ കസ്റ്റഡിയില്‍ ആവശ്യമുണ്ടോയെന്ന് കോടതി ആരായുകയും ചെയ്തു.
കേസില്‍ ജാമ്യം അനുവദിക്കരുതെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ സ്ത്രീയാണെന്ന പ്രത്യേക ആനൂകൂല്യം മാത്രമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എസ്‌ഐടി ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശം നല്‍കി.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം അനുവദിച്ചു. കട്ടിളപ്പാളി കേസിലാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി കേസിലാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ദ്വാരപാലകക്കേസില്‍ റിമാന്‍ഡിലായതിനാല്‍ പത്മകുമാര്‍ ജയിലില്‍ തന്നെ തുടരും.
കട്ടിളപ്പാളി കേസില്‍ 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ മറ്റ് പ്രതികള്‍ക്ക് അനുവദിച്ച ജാമ്യം ലഭിക്കാന്‍ തനിക്കും അര്‍ഹതയുണ്ടെന്നായിരുന്നു പത്മകുമാറിന്റെ വാദം.


