ചന്ദ്രമുഖി 2: കങ്കണ റണൌട്ടിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

single-img
5 August 2023

തമിഴ് സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചന്ദ്രമുഖി 2 എന്ന സിനിമയിലെ കങ്കണ റണൌട്ടിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ലൈക്ക പ്രൊഡക്ഷൻസ് എക്സ് അക്കൌണ്ടിലൂടെ പുറത്തുവിട്ടു. ഒരു രാജകുമാരി ലുക്കിലാണ് കങ്കണ ഫസ്റ്റ്ലുക്കില്‍ പ്രത്യക്ഷപ്പെടുന്നത്.

ഈ വരുന്ന ഗണേശ ചതുർത്ഥിക്ക് തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും – എന്നാണ് ലൈക പോസ്റ്ററില്‍ പറയുന്നത്. അതേസമയം, നായകനായ രാഘവ ലോറൻസിനെ വേട്ടയ്യന്‍ എന്ന വില്ലന്‍ കഥാപാത്രമായി അവതരിപ്പിച്ച പോസ്റ്റര്‍ നേരത്തെ പുറത്തുവന്നിരുന്നു. 2005 ലെ ചന്ദ്രമുഖിയിൽ രജനികാന്ത് അവതരിപ്പിച്ച ഒരു വേഷമാണിത്.

പ്രശസ്ത സംവിധായകൻ പി വാസു സംവിധാനം ചെയ്യുന്ന ചിത്രമാണ് ചന്ദ്രമുഖി 2. മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ഹിറ്റ് മണിച്ചിത്രത്താഴിന്‍റെ തമിഴ് റീമേക്ക് ആയിരുന്നു രജനീകാന്ത് നായകനായി 2005ല്‍ പുറത്തെത്തിയ ചന്ദ്രമുഖി. ഇപ്പോൾ 17 വര്‍ഷത്തിനു ശേഷം ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുകയാണ്.