ഒളിവിലുള്ള പ്രതികളെ കണ്ടെത്താന്‍ ആകുന്നില്ല;അച്ഛനെയും മകളെയും കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ച കേസില്‍ ഇരുട്ടില്‍ തപ്പി പൊലീസ്

single-img
26 September 2022

തിരുവനന്തപുരം: അച്ഛനെയും മകളെയും മർദ്ദിച്ച കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ഒളിവിലാനെന്നു പോലീസ്. ഒളിവിലുള്ള പ്രതികളെ കണ്ടെത്താന്‍ ആകുന്നില്ലെന്നാണ് പൊലീസ് വിശദീകരണം. നാളെക്കുള്ളില്‍ പ്രതികളെ പിടികൂടിയില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് മര്‍ദ്ദനത്തിനിരയായ അച്ഛന്റേയും മകളുടേയും തീരുമാനം.

സര്‍ക്കാരും കെഎസ്‌ആര്‍ടിസിയും അനുവദിച്ച യാത്രാ ആനുകൂല്യം ചോദിച്ചെത്തിയ ദളിതനായ അച്ഛനെ മകളുടെ മുന്നിലിട്ട് ആക്രമിച്ചത് കഴിഞ്ഞ ചൊവ്വാഴ്ചയാണ്. പ്രതികളാകട്ടെ കാ‍‍ട്ടാക്കട ഡിപ്പോയിലെ ജീവനക്കാരും ആര്യനാട്ടെ സ്റ്റേഷന്‍ മാസ്റ്ററും അടങ്ങുന്ന സംഘവും. സമീപത്ത് താസമിക്കുന്നവര്‍, സിഐടിയു ഐഎന്‍ടിയുസി സംഘടനകളുടെ സജീവ പ്രവര്‍ത്തകര്‍. ആക്രമണ ദിവസം മുതല്‍ ഇന്ന് വരെ പൊലീസിന് പറയാനുള്ളതാകട്ടെ ഒരേ ഉത്തരം. പ്രതികള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത് ഒളിവിലാണ്.

പൊലീസിന്റെ ഈ ഉത്തരം ദുരൂഹമാണെന്നാണ് ആക്രമണത്തിനിരയായ പ്രേമനനും കുടുംബവും പറയുന്നു. പ്രതികള്‍ക്ക് പരസ്യ പിന്തുണയുമായി സിഐടിയു കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. എന്നാല്‍ പ്രതികള്‍ ഇപ്പോള്‍ യൂണിയന്‍ നേതാക്കളോടും അകലം പാലിക്കുകയാണ്. ഹൈക്കോടതി ഇടപെട്ട കേസില്‍ ആഭ്യന്തര വകുപ്പിനും സര്‍ക്കാരിനുമുണ്ടാകുന്ന നാണക്കേട് ഒഴിവാക്കാന്‍ ഒരാളെങ്കിലും കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടതോടെയാണ് സംഘടനാ നേതാക്കളോടും അകലം പാലിക്കാന്‍ പ്രതികള്‍ തീരുമാനിച്ചത്.

പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നാളെ കോടതി പരിഗണിക്കും വരെ ഒളിവില്‍ തുടരാനാണ് അഭിഭാഷകരുടെ ഉപദേശം. നാളെ വൈകുന്നേരം വരെ നടപടികള്‍ ഉണ്ടായില്ലെങ്കില്‍, സ്വകാര്യ അന്യായമടക്കം നീതി തേടിയുള്ള തുടര്‍ നടപടികളിലേക്ക് പ്രേമനനും കുടുംബവും കടക്കും.