ഇന്‍സ്റ്റഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തതിന് കാമുകൻ പിണങ്ങി; പെണ്‍കുട്ടി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

single-img
19 February 2023

വള്ളിക്കുന്നില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.

ചേളാരി സ്വദേശി ഷിബിനെ(24)യാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണാക്കുറ്റമാണ് യുവാവിനെതിരെ ചുമത്തിയത്. ഫോണില്‍ ഇന്‍സ്റ്റഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തതിന് ഷിബിന്‍ പിണങ്ങിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഫെബ്രുവരി 14-ാം തീയതി പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. പ്ലസ്ടു വിദ്യാര്‍ഥിനിയായ 17-കാരിയെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന് വടക്കുഭാഗത്തായി റെയില്‍വേ ട്രാക്കിലായിരുന്നു മൃതദേഹം.

മരിച്ച പെണ്‍കുട്ടിയും ഷിബിനും തമ്മില്‍ സൗഹൃദത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ പെണ്‍കുട്ടി ഫോണില്‍ ഇന്‍സ്റ്റഗ്രാം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതോടെ ഷിബിന്‍ പെണ്‍കുട്ടിയുമായി പിണങ്ങി. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ നിരന്തരം തര്‍ക്കമുണ്ടാവുകയും ചെയ്തു.

പിണക്കം മാറ്റണമെന്ന് പെണ്‍കുട്ടി പലതവണ ആവശ്യപ്പെട്ടിട്ടും ഷിബിന്‍ തയ്യാറായില്ല. ഇതോടെയാണ് ഫെബ്രുവരി 14-ന് പുലര്‍ച്ചെ പെണ്‍കുട്ടി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതെന്നും പൊലീസ് പറഞ്ഞു.