തകഴിയിൽ മരിച്ച കർഷകന്റെ മൃതദേഹവുമായി ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം

single-img
11 November 2023

ആലപ്പുഴ ജില്ലയിലെ തകഴിയിൽ മരിച്ച കർഷകന്റെ മൃതദേഹവുമായി ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം. പോസ്റ്റ്മോർട്ടത്തിന് ശേഷം വിലാപയാത്രയായി തകഴിയിലെത്തിച്ച മൃതദേഹവുമായി പ്രവർത്തകർ അമ്പലപ്പുഴ- തിരുവല്ല റോഡ് ഉപരോധിച്ചു.

കർഷകന്റെ മരണം സർക്കാറിന്റെ വികലമായ നെല്ല് സംഭരണ രീതി മൂലമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ ആരോപിച്ചു . കേരളം ഭരിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സർക്കാറാണ്. കർഷകന് കൊടുക്കാൻ പണമില്ലാത്ത സർക്കാർ, കലാപരിപാടി നടത്താൻ 50 കോടി ചെലവാക്കി. മരിച്ച പ്രസാദ് ഞാൻ പരാജയപ്പെട്ടു എന്ന് ഒരു സുഹൃത്തിനോട് പറഞ്ഞു. പ്രസാദിനെ പരാജയപ്പെടുത്തിയത് പിണറായി വിജയൻ സർക്കാറാണെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രസർക്കാർ ഒന്നും തരുന്നില്ല എന്ന് പറയുന്ന സർക്കാർ കണക്കുകൾ പുറത്തുവിടട്ടെ. കേരളത്തിന് ഒരു നയാപൈസ പോലും കൊടുക്കാൻ ബാക്കിയില്ലെന്ന് കേന്ദ്ര കൃഷി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് സർക്കാർ. ഡൽഹിയിൽ പോയി സമരം നടത്തുകയല്ല വേണ്ടത്. കർഷകരെ മരണത്തിലേക്ക് തള്ളിവിടാതെ സംരക്ഷിക്കണം.ഡൽഹിയിലേക്കുള്ള സമരം സ്വാഗതം ചെയ്യുകയാണെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു.

തകഴി കുന്നുമ്മ അംബേദ്കർ കോളനിയിലെ പ്രസാദ്(55) ആണ് ഇന്നു മരിച്ചത്. ബി.ജെ.പി കർഷക സംഘടനയായ കിസാൻ സംഘിന്റെ ജില്ലാ പ്രസിഡന്റാണ് പ്രസാദ്. നെല്ല് സംഭരിച്ചതിന്റെ വില പി.ആർ.എസ് വായ്പയായി കിട്ടിയിരുന്നു. എന്നാൽ, സർക്കാർ പണം തിരിച്ചടയ്ക്കാത്തതിനാൽ മറ്റു വായ്പകൾ കിട്ടിയിരുന്നില്ലെന്ന് കുടുംബം ആരോപിച്ചു.