ഏക സിവിൽ കോഡിൽ സ്വകാര്യ ബില്ലുമായി ബിജെപി എംപി രം​ഗത്ത്;; ഗോത്ര വിഭാഗങ്ങളെ സംരക്ഷിക്കണമെന്ന്  ബില്ലിലെ ആവശ്യം

single-img
28 July 2023

ദില്ലി: ഏക സിവിൽ കോഡിൽ സ്വകാര്യ ബില്ലുമായി ബിജെപി എംപി രം​ഗത്ത്. ഗോത്ര വിഭാഗങ്ങളുടെ ആചാരങ്ങള്‍ക്കും വിശ്വാസങ്ങൾക്കും സംരക്ഷണം വേണമെന്നാണ് ബില്ലിലെ ആവശ്യം. ബിജെപി എംപി സുനില്‍ കുമാ‍‍ർ സിങ്ങാണ് സ്വകാര്യ ബില്‍ അവതരിപ്പിക്കുന്നത്. ബില്‍ ലോക്സഭയില്‍  അവതരിപ്പിക്കാനാണ് നീക്കം. നേരത്തെ, ബിജെപി എംപി കിരോഡി ലാല്‍ മീണ ഏക സിവില്‍ കോഡ് സംബന്ധിച്ച് സ്വകാര്യബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നു. 

അതേസമയം, സുശീൽ കുമാർ സിംഗ് എംപിയുടെ സ്വകാര്യ പ്രമേയമായ ഏക സിവിൽ കോഡ് നിയമം രാജ്യത്തുടനീളം നടപ്പിലാക്കണമെന്നുള്ള പ്രമേയത്തിന് ലോക്സഭയിൽ അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് എ എം ആരിഫ് എംപി ലോക്സഭാ സ്പീക്കറിനും സെക്രട്ടറി ജനറലിനും കത്ത് നൽകി. ഈ പ്രമേയം കൊണ്ട് രാജ്യത്ത് വർഗീയ ചേരി തിരിവ് മാത്രമേ സൃഷ്ടിക്കാൻ കഴിയുകയുള്ളൂ എന്നും സുപ്രീംകോടതിയുടെ പല ഉത്തരവുകളും ഏക സിവിൽ കോഡിന് എതിരാണെന്നും എംപി കത്തിൽ പറയുന്നു. 

നേരത്തെ, ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ എൻഡിഎ നിലപാടിനെ എതിർത്ത് തമിഴ്നാട്ടിൽ ബിജെപി ഘടകകക്ഷിയായ പാട്ടാളി മക്കൾ കക്ഷിയും രംഗത്തെത്തിയിരുന്നു. ഏകീകൃത സിവിൽ കോഡ് അനാവശ്യമാണെന്ന് പിഎംകെ നേതാവ് അൻബുമണി രാമദാസ് പ്രതികരിച്ചിരുന്നു. ഏകീകൃത സിവിൽ കോഡ് ഇന്ത്യക്ക് ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മതം, ജാതി, ഭാഷ, സംസ്കാരം അങ്ങനെ നിരവധി വൈവിധ്യങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ഏകീകൃത സിവിൽ കോഡ് ഇന്ത്യയുടെ വൈവിദ്ധ്യത്തെ തകർക്കുന്നതാണ്. അത്തരത്തിലുള്ള ഒന്നിനെയും പിഎംകെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.