കൈക്കൂലി വാങ്ങുന്നതിനിടയില്‍ ബിജെപി എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍

single-img
3 March 2023

കൈക്കൂലി വാങ്ങുന്നതിനിടയില്‍ ബിജെപി എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍. ദാവനഗരെ ചന്നാഗിരി എംഎല്‍എയും കര്‍ണാടക സോപ്‍സ് ചെയര്‍മാനുമായ മാഡല്‍ വിരൂപാക്ഷപ്പയുടെ മകനാണ് പിടിയിലായത്.

ലോകായുക്തയാണ് വിരൂപാക്ഷപ്പയുടെ മകന്‍ പ്രശാന്ത് കുമാറിനെ അറസ്റ്റ് ചെയ്തത്. മൈസൂര്‍ സാന്‍ഡല്‍ സോപ്‍സ് ഉല്‍പാദിപ്പിക്കുന്ന കമ്ബനിയാണ് കര്‍ണാടക സോപ്‍സ് ആന്‍റ് ഡിറ്റര്‍ജന്‍റ്സ് (കെഎസ്‍ഡിഎല്‍)
ഐഎഎസ് ഓഫീസറാണ് അറസ്റ്റിലായ പ്രശാന്ത് കുമാര്‍. ബെംഗളുരു കോര്‍പ്പറേഷനില്‍ കുടിവെള്ള വിതരണവിഭാഗത്തിലെ ചീഫ് അക്കൗണ്ട്സ് ഓഫീസറാണ്. 40 ലക്ഷം രൂപ ഒരു കോണ്‍ട്രാക്റ്ററില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. സോപ്പും ഡിറ്റര്‍ജന്‍റും നിര്‍മിക്കാനുള്ള അസംസ്കൃത വസ്തുക്കള്‍ നിര്‍മിക്കാനുള്ള കരാര്‍ നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. 81 ലക്ഷം രൂപയാണ് കൈക്കൂലിയായി പ്രശാന്ത് കുമാര്‍ കോണ്‍ട്രാക്റ്ററില്‍ നിന്ന് ആവശ്യപ്പെട്ടത്.

ഇത് ലോകായുക്തയെ അറിയിച്ചപ്പോള്‍ പണവുമായി തെളിവോടെ പ്രശാന്തിനെ പിടികൂടാന്‍ ലോകായുക്ത തീരുമാനിക്കുകയായിരുന്നു. മൂന്ന് ബാഗുകളിലായി 40 ലക്ഷം രൂപയോടെയാണ് പ്രശാന്ത് കുമാറിനെ അറസ്റ്റ് ചെയ്തത്. അഴിമതിയാരോപണങ്ങളില്‍ വലയുന്ന ബിജെപിക്ക് തെരഞ്ഞെടുപ്പ് കാലത്ത് വലിയ തിരിച്ചടിയാണ് ഇത്. ഓരോ പ്രോജക്ടിനും എംഎല്‍എമാരും മന്ത്രിമാരും 40% കമ്മീഷന്‍ ചോദിക്കുന്നെന്ന് കോണ്‍ട്രാക്റ്റര്‍മാരുടെ അസോസിയേഷന്‍ ആരോപിച്ചത് കോണ്‍ഗ്രസ് പ്രചാരണായുധമാക്കിയിരുന്നു.