കൊച്ചിയിൽ നടന്‍ വിനായകന്‍റെ ഫ്ലാറ്റിന് നേരെ ആക്രമണം

single-img
20 July 2023

കൊച്ചിയിൽ കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ നടൻ വിനായകന്റെ ഫ്‌ളാറ്റിന് നേർക്ക് ആക്രമണം. ഇവിടേക്ക് എത്തിയ ഒരു സംഘമാണ് ആക്രമണം നടത്തിയത്. ഇന്ന് വൈകുന്നേരം നാല് മണിയോടെ ആയിരുന്നു സംഭവം. അക്രമിസംഘം ജനല്‍ച്ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു.

സംസ്ഥാനത്തെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിനായകന്‍ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ വീഡിയോയിലൂടെ നടത്തിയത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അതിനു പിന്നാലെയാണ് സംഭവം.

ഫ്‌ളാറ്റിൽ അക്രമം നടത്തിയവര്‍ ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് എത്തിയത്. പൊലീസും ഫ്ലാറ്റിൽ ഉണ്ടായിരുന്ന സുരക്ഷാജീവനക്കാരും ചേര്‍ന്നാണ് ഇവരെ പിടിച്ച് മാറ്റിയത്. നിലവിൽ അധിക്ഷേപ പരാമര്‍ശത്തില്‍ വിനായകനെതിരെ എറണാകുളം നോർത്ത് പൊലീസ് കേസ് എടുത്തിട്ടുണ്ട്.