വിജയ് ദേവേരക്കൊണ്ടയുടെ പെരുമാറ്റം സിനിമയെ ദോഷമായി ബാധിച്ചു; മനോജ് ദേശായി

single-img
27 August 2022

വിജയ് ദേവേരക്കൊണ്ട നായകനായ ലൈഗര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഇന്ത്യയില്‍ 3000 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

റിലീസിന് തൊട്ടുമുന്‍പേ വിവാദങ്ങളില്‍ ചിത്രം ഇടം നേടിയിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ വിജയ് മേശയ്ക്ക് മുകളില്‍ കാലുകയറ്റി വച്ചതിന് ചിത്രം ബഹിഷ്‌കരിക്കണമെന്ന തരത്തില്‍ ആഹ്വാനമുയര്‍ന്നു.

സിനിമയ്‌ക്കെതിരേ കടുത്ത വിമര്‍ശനം നടക്കുന്ന സാഹചര്യത്തില്‍ നടനെതിരേ രംഗത്ത് വന്നിരിക്കുകയാണ് മുംബൈയിലെ പ്രമുഖ തിയേറ്ററുടമ. മറാത്ത മന്ദിര്‍ സിനിമയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മനോജ് ദേശായിയാണ് വിമര്‍ശനവുമായി രംഗത്ത് വന്നത്. വിജയിയുടെ പെരുമാറ്റം സിനിമയെ ദോഷമായി ബാധിച്ചുവെന്നും ഇദ്ദേഹം പറഞ്ഞു. ബഹിഷ്‌കരണ കാമ്ബയിന്‍ നടക്കുമ്ബോള്‍ ഞങ്ങളുടെ സിനിമ ബഹിഷ്‌കരിച്ചോളൂ, എന്ന് വിജയ് പറഞ്ഞതായി മനോജ് ദേശായി ആരോപിച്ചു.

‘നിങ്ങള്‍ എന്തിനാണ് സിനിമ ബഹിഷ്‌കരിച്ചോളൂ എന്ന് പറഞ്ഞ് അതിസാമര്‍ഥ്യം കാണിക്കുന്നത്. ഇങ്ങനെ ചെയ്താല്‍ ഒടിടിയില്‍ പോലും നിങ്ങളുടെ സിനിമ ആരും കാണില്ല. ഈ അഹങ്കാരം കാരണം സിനിമയുടെ അഡ്വാന്‍സ് ബുക്കിങ്ങിനെ ബാധിച്ചു. അത് ഞങ്ങളെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. നാശത്തിന് അരികില്‍ നില്‍ക്കുമ്ബോള്‍ ബുദ്ധി പ്രവര്‍ത്തിക്കുകയില്ല. അതാണ് നിങ്ങളിപ്പോള്‍ ചെയ്യുന്നത്. നിങ്ങള്‍ തമിഴിലും തെലുങ്കിലും സിനിമ ചെയ്യുന്നതാണ് നല്ലത്’- മനോജ് ദേശായി പറഞ്ഞു.