ഒന്നരവയസുള്ള കുട്ടിയെ മന്ത്രവാദിയുടെ നിര്‍ദേശ പ്രകാരം ബലി നല്‍കി

single-img
27 August 2022

ലഖ്‌നൗ: മന്ത്രവാദിയുടെ നിര്‍ദേശ പ്രകാരം ഒന്നരവയസുള്ള കുട്ടിയെ അമ്മായി ബലി നല്‍കി.

ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയിലെ മലക്പൂര്‍ ഗ്രാമത്തിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് 32 കാരിയായ സരോജ് ദേവിയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

സരോജ് ദേവിക്ക് മൂന്ന് കുട്ടികള്‍ ജനിച്ചപ്പോള്‍ തന്നെ മരിച്ചിരുന്നു. നാലാം തവണയും സരോജ് ദേവി ഗര്‍ഭിണിയായപ്പോള്‍ അവര്‍ ഒരു മന്ത്രവാദിയെ സമീപിച്ചു. ജനിക്കാനിരിക്കുന്ന കുട്ടിയ്ക്കും ഇതേ ഗതി വരാതിരിക്കാന്‍ നരബലി നടത്തണമെന്നായിരുന്നു മന്ത്രവാദിയുടെ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ തന്റെ കുട്ടിയെ കൊലപ്പെടുത്തകയായിരുന്നെന്ന് പിതാവ് രമേഷ് കുമാര്‍ പറഞ്ഞു.

മാതാപിതാക്കള്‍ ജോലിക്ക് പോകുമ്ബോള്‍ സരോജ് ദേവിയുടെയും മുത്തശ്ശിയുടെയും സംരക്ഷണയിലാണ് കുട്ടി കഴിഞ്ഞിരുന്നത്. രണ്ടുദിവസമായി കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പിതാവ് രമേഷ് കുമാര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. കുട്ടിയുടെ ശരീരഭാഗങ്ങള്‍ കരിമ്ബ് തോട്ടത്തില്‍ ചിതറി കിടക്കുന്ന രീതിയില്‍ കണ്ടെത്തിയ കര്‍ഷകന്‍ വിവരം പൊലീസിനെ അറിയിക്കുയായിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബലി കര്‍മ്മത്തിനായി യുവതി കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. കുറ്റം സമ്മതിച്ച യുവതി മന്ത്രവാദിയുടെ നിര്‍ദേശ പ്രകാരമാണ് ഇത് ചെയ്തതെന്ന് പൊലീസിനോട് പറഞ്ഞു. കുട്ടിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം കൈയും കാലും ശരീരഭാഗങ്ങളും വെട്ടിമാറ്റുകയായിരുന്നു. നെറ്റിയില്‍ തിലകം ചാര്‍ത്തിയ ശിരസ് കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.