സോണിയ ഗാന്ധിയെ പ്രകീർത്തിക്കുന്ന ഗുലാം നബി ആസാദിന്റെ രാജിക്കത്തിൽ രാഹുൽ ഗാന്ധിക്ക് നിശിത വിമർശനം

single-img
26 August 2022

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഗുലാം നബി ആസാദ്, തന്റെ രാജികത്തിലുടനീളം രാഹുൽ ഗാന്ധിക്കെതിരെ നിശിത വിമർശനമാണ് ഉന്നയിക്കുന്നത്. രാഹുൽ ഗാന്ധിയെ പക്വത ഇല്ലാത്ത നേതാവാണ് എന്നാണ് ഗുലാം നബി ആസാദ് കത്തിൽ വിശേഷിപ്പിക്കുന്നത്. അതെ സമയം സോണിയ ഗാന്ധിയുടെ നേതിര്ത്വത്തെ പ്രകീർത്തിക്കുന്നുമുണ്ട്.

5 പേജ് നീണ്ട കത്തിൽ 2014 ദേശീയ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തോൽവിക്ക് ഉത്തരവാദി രാഹുൽ ഗാന്ധിയാണ് എന്നാണ് കുറ്റപ്പെടുത്തുന്നത്. നിർഭാഗ്യവശാൽ, രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം, പ്രത്യേകിച്ച് 2013 ജനുവരിക്ക് ശേഷം, താങ്കൾ അദ്ദേഹത്തെ വൈസ് പ്രസിഡന്റായി നിയമിച്ചതിനു ശേഷം അദ്ദേഹം മുമ്പ് പാർട്ടിയിലുണ്ടായിരുന്ന മുഴുവൻ കൂടിയാലോചനാ സംവിധാനങ്ങളെയും തകർത്തു. മുതിർന്നവരും പരിചയസമ്പന്നരുമായ എല്ലാ നേതാക്കളെയും അകറ്റിനിർത്തി. പകരം അനുഭവപരിചയം ഇല്ലാത്ത മുഖസ്തുതി പറയുന്ന അനുയായികളുടെ പുതിയ കൂട്ടാതെ സൃഷ്ട്ടിച്ചു- ആസാദ് കത്തിൽ പറയുന്നു.

2014 മുതലുള്ള താങ്കളുടെ (സോണിയ ഗാന്ധി) നേതൃത്വത്തിലും തുടർന്ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലും കോൺഗ്രസ് രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ അപമാനകരമായ രീതിയിൽ പരാജയപ്പെട്ടു. 2014 മുതൽ 2022 വരെ നടന്ന 49 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ 39 എണ്ണത്തിലും പരാജയപ്പെട്ടു. നാല് സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ മാത്രമാണ് പാർട്ടി വിജയിച്ചത്. നിർഭാഗ്യവശാൽ, ഇന്ന് രണ്ട് സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസ് ഭരിക്കുന്നത്, മറ്റ് രണ്ട് സംസ്ഥാനങ്ങളിൽ വളരെ നാമമാത്രമായ സഖ്യകക്ഷിയാണ്- ആസാദ് കത്തിൽ പറയുന്നു.

രാജിയോട് കോൺഗ്രസ്സ് ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.