തനിക്ക് ആര്‍എസ്‌എസുമായി വര്‍ഷങ്ങളായി അടുത്തബന്ധം; ഈ ബന്ധത്തില്‍ താന്‍ എന്നും അഭിമാനിക്കുന്നു; ആരിഫ് മുഹമ്മദ് ഖാന്‍

single-img
26 August 2022

തിരുവനന്തപുരം: ആര്‍എസ്‌എസ് ബന്ധം ആരോപിക്കപ്പെടുന്നതിനിടെ തന്റെ ആര്‍എസ്‌എസ് ബന്ധം വെളിപ്പെടുത്തി സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

തനിക്ക് ആര്‍എസ്‌എസുമായി വര്‍ഷങ്ങളായി അടുത്തബന്ധമുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. ഈ ബന്ധത്തില്‍ താന്‍ എന്നും അഭിമാനിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

സംസ്ഥാനത്തെ ഇടതു സര്‍ക്കാറുമായി വിവിധ വിഷയങ്ങളില്‍ നിരന്തരം തര്‍ക്കം തുടരുന്ന ഗവര്‍ണര്‍, ആര്‍.എസ്.എസ് ഏജന്റായാണ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ഗവര്‍ണറുടെ തുറന്ന് സമ്മതിക്കല്‍ പുറത്തുവന്നത്. ബിജെപി ചാനലായ ജനം ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗവര്‍ണറുടെ വെളിപ്പെടുത്തല്‍.

ഏറെ കാലമായി ആര്‍എസ്‌എസുമായി അടുത്ത ബന്ധമുണ്ടെന്നും വിദ്യാഭ്യാസരംഗത്തെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും ഗവര്‍ണര്‍ പറഞ്ഞു. 1986 മുതല്‍ ആര്‍എസ്‌എസുമായി അടുത്ത ബന്ധമുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടയാളുകളെ സമൂഹത്തിന് മുന്നിലേക്ക് കൊണ്ടുവരുന്നതിനായി സംഘടന നടത്തുന്ന ഏകല്‍ വിദ്യാലയ പദ്ധതി അഭിനന്ദനാര്‍ഹമാണ്. യുവ തലമുറയ്‌ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലൂടെ പുണ്യമായ പ്രവൃത്തിയാണ് ആര്‍എസ്‌എസ് ചെയ്യുന്നത്. ആര്‍എസ്‌എസുമായുള്ള ബന്ധത്തില്‍ താന്‍ എന്നും അഭിമാനിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ മന്ത്രി കെ.ടി ജലീലിന്റെ “ആസാദ് കശ്മീര്‍” പരാമര്‍ശത്തെയും ഗവര്‍ണര്‍ വിമര്‍ശിച്ചു. കെ.ടി. ജലീലിന്റെ പരാമര്‍ശങ്ങള്‍ക്ക് പ്രാധാന്യം നല്‍കേണ്ട ആവശ്യമില്ല. കശ്മീരിന്റെ ചരിത്രം ജലീലിന് അറിയില്ല. സ്വാതന്ത്ര്യ സമരത്തെപ്പറ്റി പോലും ജലീല്‍ ബോധവാനല്ല -ഗവര്‍ണര്‍ പറഞ്ഞു.