ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്ന് രാജിവച്ചു; രാജിക്കത്തിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം

single-img
26 August 2022

മുതിർന്ന നേതാവ് ഗുലാം നബി ആസാദും കോൺഗ്രസ് വിട്ടു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നുമാണ് അദ്ദേഹം രാജി വെച്ചത്. ജമ്മു കാശ്മീർ മുഖ്യമന്ത്രി പദവിയും, കേന്ദ്രമന്ത്രി സ്ഥാനങ്ങളും ഉള്‍പ്പടെ പാര്‍ട്ടിയുടെ പ്രധാന പദവികള്‍ വഹിച്ചിട്ടുള്ള ആളാണ് ഗുലാം നബി ആസാദ്. കോണ്‍ഗ്രസില്‍ പരിഷ്‌കരണങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് രണ്ട് വര്‍ഷം മുമ്പ് സോണിയാ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളില്‍ അദ്ദേഹവുമുണ്ടായിരുന്നു.

രാജിക്കത്തിൽ രാഹുൽ ഗാന്ധിയെ രൂക്ഷ ഭാഷയിലാണ് വിമർശിക്കുന്നത്. സോണിയാ ഗാന്ധിക്ക് അയച്ച അഞ്ച് പേജ് കത്തിലാണ് ആസാദ് രാഹുൽ ഗാന്ധിയുടെ പ്രവർത്തനരീതിയെ വിമർശിച്ചത്. രാഹുൽ ഗാന്ധിയെ “പക്വതയില്ലാത്ത നേതാവെന്നും, പാർട്ടിയിലെ ആഭ്യന്തര ജനാധിപത്യം തകർത്ത ആളെന്നുമാണ് ഗുലാം നബി ആസാദ് വിശേഷിപ്പിക്കുന്നത്.

പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയെയും അദ്ദേഹം വിമർശിച്ചു. ‘ഭാരത് ജോഡോ യാത്ര’ തുടങ്ങുന്നതിന് മുമ്പ് നേതൃത്വം ‘കോൺഗ്രസ് ജോഡോ യാത്ര’ നടത്തണമായിരുന്നുവെന്നും മുതിർന്ന നേതാവ് കത്തിൽ പറയുന്നു.

കൂടാതെ കോൺഗ്രസിനെ ശക്തിപെടുത്താൻ വേണ്ടി കഴിഞ്ഞ ഒമ്പതുവർഷമായി കൊടുക്കുന്ന നിർദേശങ്ങൾ ചവറ്റുകൂനയിലാണെന്നും രാജിവെച്ചശേഷം ഗുലാം നബി ആസാദ് പ്രതികരിച്ചു.