ലാവ്‌ലിന്‍ കേസില്‍ സെപ്തംബര്‍ 13ന് സുപ്രിംകോടതി വാദം കേള്‍ക്കും

single-img
25 August 2022

ന്യൂഡല്‍ഹി:ലാവ്‌ലിന്‍ കേസില്‍ സെപ്തംബര്‍ 13ന് സുപ്രിംകോടതി വാദം കേള്‍ക്കും. മുന്‍ വൈദ്യുത മന്ത്രി പിണറായി വിജയനെ കുറ്റമുക്തനാക്കിയതിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രിംകോടതി വാദം കേള്‍ക്കുക.

കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്നു പ്രതികള്‍ ഹൈക്കോടതി വിധിക്കെതിരേ നല്‍കിയ ഹരജിയും സുപ്രിംകോടതി പരിഗണിക്കും.നാല് വര്‍ഷത്തിനിടേ മുപ്പതിലധികം തവണയാണ് കേസ് പരിഗണിക്കുന്നത് മാറ്റി വച്ചത്.കേസ് നിരന്തരമായി മാറ്റിവയ്ക്കുകയാണെന്ന് അഭിഭാഷകര്‍ ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നതിനെ തുടര്‍ന്ന് സെപ്തംബര്‍ 13ന് തന്നെ കേസ് പരിഗണിക്കുമെന്ന് അറിയിക്കുകയായിരുന്നു. കേസ് പട്ടികയില്‍ നിന്ന് മാറ്റരുതെന്നും ഉത്തരവിട്ടു. നേരത്തെ, ആഗസ്റ്റ് 22ന് കേസ് പരിഗണിക്കുമെന്നാണ് സുപ്രിംകോടതിയുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിരുന്നത്.

2017 ആഗസ്ത് 23നാണ് ലാവലിന്‍ കേസില്‍ പിണറായി വിജയന്‍,മുന്‍ ഊര്‍ജവകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്‍,ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.കൂടാതെ കേസിലെ പ്രതികളായ കസ്തൂരിരംഗ അയ്യര്‍, എം വി രാജഗോപാല്‍, ആര്‍ ശിവദാസന്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

ഹൈകോടതി വിധി ചോദ്യം ചെയ്ത് 2017 ഡിസംബര്‍ 19നാണ് സിബിഐ സുപ്രിംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഹരജിയില്‍ വാദം കേള്‍ക്കുന്നത് നിരവധി തവണ മാറ്റിയിരുന്നു.ഇതിനിടെ കസ്തൂരിരംഗ അയ്യര്‍ അടക്കമുള്ള പ്രതികള്‍ വിചാരണ നേരിടണമെന്ന വിധി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിരുന്നു.