തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല വിശ്വസിക്കാം 101 ശതമാനം’; വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ കെ കെ ശൈലജ ടീച്ചർക്ക് കെ ടി ജലീല്‍ എംഎല്‍എയുടെ മറുപടി

single-img
25 August 2022

കൊച്ചി: ഇയാള്‍ നമ്മളെ കൊഴപ്പത്തിലാക്കും’ എന്ന സിപിഎം നേതാവ് കെ കെ ശൈലജ എംഎല്‍എയുടെ ആത്മഗതത്തിന് കെ ടി ജലീല്‍ എംഎല്‍എയുടെ പരോക്ഷ മറുപടി.

തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല. വിശ്വസിക്കാം. 101 ശതമാനം’- വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ നിയമസഭയില്‍ നടത്തിയ പ്രസംഗം പങ്കുവെച്ച്‌ കൊണ്ടുള്ള ഫെയ്‌സ്ബുക്ക് കുറിപ്പിലാണ്‌ ഇക്കാര്യം പറയുന്നത്.

നിയമസഭയില്‍ കെ ടി ജലീല്‍ സംസാരിക്കുന്നതിന് തൊട്ടുമുന്‍പാണ് ‘ഇയാള്‍ നമ്മളെ കൊഴപ്പത്തിലാക്കും’ എന്ന് കെ കെ ശൈലജ ആത്മഗതം നടത്തിയത്. മൈക്ക് ഓണ്‍ ആണെന്ന കാര്യം ശ്രദ്ധിക്കാതെയാണ് കെ കെ ശൈലജ പറഞ്ഞത്. പറഞ്ഞത് അല്‍പ്പം ഉച്ചത്തിലായി പോയി.

ലോകായുക്തനിയമഭേദഗതി സഭ പരിഗണിക്കുന്നതിനിടെ കെകെ ശൈലജ സംസാരിക്കുകയായിരുന്നു. അതിനിടെ കെടി ജലീലില്‍ സംസാരിക്കാനായി തുടങ്ങിയപ്പോഴാണ് ശൈലജ ടീച്ചറുടെ ആത്മഗതം. പരാമര്‍ശം ചര്‍ച്ചയായതോടെ, പരാമര്‍ശം ജലീലിന് എതിരല്ലെന്ന് പറഞ്ഞ് കെകെ ശൈലജ വിശദീകരണവുമായി രംഗത്തുവരികയും ചെയ്തു.

പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോര്‍ത്ത് അടുത്തിരുന്ന സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്. അത് ഡോ. ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്ബില്ലാത്തതും ദുരുപദിഷ്ടവുമാണെന്നും കെ കെ ശൈലജ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.