സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി സ്‌റ്റേ ചെയ്തു

single-img
24 August 2022

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി സ്‌റ്റേ ചെയ്തു. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യമാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.

ഹര്‍ജിയില്‍ തീരുമാനം ഉണ്ടാകുന്നതുവരെ സിവിക് ചന്ദ്രന്റെ പ്രായം കണക്കിലെടുത്ത് അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയത് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സിവിക് ചന്ദ്രന് ജാമ്യം നല്‍കിയത് അപ്രസക്തമായ വസ്തുതകള്‍ പരിഗണിച്ചാണെന്നും കോടതി വിലയിരുത്തി. ജാമ്യ ഉത്തരവില്‍ വസ്ത്രവുമായി ബന്ധപ്പെട്ടുള്ളത് അനാവശ്യ പരാമര്‍ശമാണ്. കേസിന്റെ രേഖകള്‍ വിളിച്ചുവരുത്തുമെന്നും ഹൈക്കോടതി അറിയിച്ചു.

ജില്ലാ കോടതി ഉത്തരവില്‍ നിയമപരമായ പിശകുകളുണ്ടെന്ന് സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതു പരിഗണിച്ചാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തത്. കോഴിക്കോട് കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ സ്ത്രീ വിരുദ്ധമാണെന്നും, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് എതിരാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.