അലോപ്പതി വിരുദ്ധ പരാമര്‍ശത്തില്‍ ബാബ രാംദേവിനെതിരെ സുപ്രീംകോടതി

single-img
23 August 2022

അലോപ്പതി വിരുദ്ധ പരാമര്‍ശത്തില്‍ ബാബ രാംദേവിനെതിരെ സുപ്രീംകോടതി. ആധുനിക വൈദ്യശാസ്ത്ര മേഖലയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് തെറ്റ്.

ആയുര്‍വേദ-യോഗ മേഖലയിലെ സംഭാവനകള്‍ അനുജിത ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ലൈസന്‍സ് അല്ലെന്നും, രാംദേവിനെ നിയന്ത്രിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

“എന്തിനാണ് ഡോക്ടര്‍മാരെയും അലോപ്പതിയെയും കുറ്റപ്പെടുത്തുന്നത്? നിങ്ങള്‍ യോഗയെ ജനകീയമാക്കിയത് നല്ല കാര്യം തന്നെ, എന്നാല്‍ മറ്റ് സംവിധാനങ്ങളെ വിമര്‍ശിക്കരുത്. നിങ്ങള്‍ വിശ്വസിക്കുന്നത് എല്ലാം ശരിയാക്കുമെന്ന് എന്താണ് ഉറപ്പ്? എന്തുകൊണ്ടാണ് രാംദേവ് ഇങ്ങനെ വിമര്‍ശിക്കുന്നത്? ഇത്തരം വിമര്‍ശനത്തില്‍ നിന്നും വിട്ടുനില്‍ക്കണം” ചീഫ് ജസ്റ്റിസ് എന്‍.വി രമണ വാക്കാല്‍ പറഞ്ഞു.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ പതഞ്ജലി ആയുര്‍വേദിനും കേന്ദ്ര സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ് നല്‍കി. അലോപ്പതിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരസ്യങ്ങള്‍ കാണിച്ചതിലും വിശദീകരണം തേടിയിട്ടുണ്ട്. ബാബാ രാംദേവിന്‍്റേത് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന പരസ്യമാണെന്നും കോടതി നിരീക്ഷിച്ചു. ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. മോഡേണ്‍ മെഡിസിനെതിരെ നടക്കുന്ന പ്രചാരണം നിയന്ത്രിക്കണമെന്നാണ് ഹര്‍ജിയില്‍ ഐഎംഎ ആവശ്യപ്പെട്ടിരുന്നത്.

വാക്‌സിനേഷന്‍ ക്യാംപെയ്‌നും ആധുനിക അലോപ്പതി മരുന്നുകള്‍ക്കുമെതിരെ രാജ്യത്ത് പ്രചാരണം നടക്കുന്നുണ്ടെന്ന് ഐഎംഎ ആരോപിച്ചു. അടുത്തിടെ ബാബ വീണ്ടും അലോപ്പതി ചികിത്സാ സമ്ബ്രദായത്തെ വിമര്‍ശിക്കുകയും ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. അലോപ്പതിയെ നുണകളുടെ രോഗമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഈ രോഗ ചികിത്സയില്‍ നിന്ന് മുക്തി അസാധ്യമാണെന്നും പറഞ്ഞു. ഇതാദ്യമായല്ല രാംദേവ് അലോപ്പതിയെ വിമര്‍ശിക്കുന്നത്.