ലോകായുക്ത ഭേദഗതി തുടർചർച്ചകൾക്കായി സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു

single-img
23 August 2022

പ്രതിപക്ഷം ഉയർത്തിയ വിവാദങ്ങൾക്കിടെ ലോകായുക്ത വിധി പുനപരിശോധിക്കാൻ ഭരണകക്ഷിക്ക് അധികാരം നൽകുന്ന ഭേദഗതി നിയമസഭയിൽ ഇന്ന് സർക്കാർ അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിനായി നിയമമന്ത്രി പി രാജീവമാണ് ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചത്.

തുടർന്ന് ലോകായുക്ത നിയമഭേദഗതിക്കെതിരെ പ്രതിപക്ഷത്ത് നിന്നും രൂക്ഷമായ വിമർശനമുയർന്നു. ചർച്ചകൾക്ക് പിന്നാലെ ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിടുകയാണെന്നും വിശദമായ ചർച്ച അവിടെ നടക്കുമെന്നും നിയമമന്ത്രി അറിയിക്കുകയായിരുന്നു.

സംസ്ഥാനത്തെ ലോകായുക്ത നിയമത്തിലെ കാതലായ പതിനാലാം ഭാഗമാണ് ഭേദഗതിയിലൂടെ സർക്കാർ മാറ്റുന്നതെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു . ലോകയുക്ത വിധി സർക്കാരിന് തള്ളാമെന്ന വ്യവസ്ഥ ജൂഡീഷ്യറിക്ക് മേലുള്ള കടന്നു കയറ്റമാണ്. ജുഡീഷ്യരിയുടെ അധികാരം എക്സിക്യൂട്ടീവ് കവരുന്ന തരത്തിലുള്ള ഭേദഗതിയാണിതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ലോകയുക്ത ഏതിൻ്റെ അടിസ്ഥാനത്തിൽ ആണ് പ്രവർത്തിക്കുന്നത് എന്നതാണ് പ്രധാനമെന്നും ലോകയുക്ത ഒരു ജുഡീഷ്യൽ ബോഡിയല്ല, അതൊരു അന്വേഷണസംവിധാനം മാത്രമാണെന്നും നിയമമന്ത്രി പ്രതികരിച്ചു.