ഓണക്കിറ്റിലെ സപ്ലൈകോയുടെ തീവെട്ടിക്കൊള്ളയ്‌ക്കു സര്‍ക്കാരിന്റെ കൂച്ചുവിലങ്ങ്‌

single-img
23 August 2022

തിരുവനന്തപുരം : ഓണക്കിറ്റിലെ സപ്ലൈകോയുടെ തീവെട്ടിക്കൊള്ളയ്‌ക്കു സര്‍ക്കാരിന്റെ കൂച്ചുവിലങ്ങ്‌. കിറ്റില്‍ ഉള്‍പ്പെടുത്താനായി കുറഞ്ഞ തുകയ്‌ക്ക്‌ വിപണിയില്‍ നിന്നു സംഭരിച്ച വിഭവങ്ങള്‍ക്ക്‌ ഉയര്‍ന്ന വില കാണിച്ചു കൂടുതല്‍ തുക ഈടാക്കാനുള്ള നീക്കമാണ്‌ സര്‍ക്കാര്‍ പൊളിച്ചത്‌.

തുണി സഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങളാണ്‌ ഇന്നു മുതല്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റിലുള്ളത്‌. കിറ്റ്‌ പ്രഖ്യാപനം വന്നപ്പോള്‍ ഓരോ കിറ്റിലെയും സാധനങ്ങളുടെ വിലയായി 434 രൂപയാണ്‌ സപ്ലൈകോ കാണിച്ചിരുന്നത്‌. ലോഡിങ്‌ /കടത്തുകൂലി തുടങ്ങിയവയ്‌ക്കുള്ള മൂന്നു ശതമാനം ചെലവും ചേര്‍ത്ത്‌ ഓരോ കിറ്റിനും 447 രൂപ സര്‍ക്കാരില്‍നിന്ന്‌ ഈടാക്കാനായിരുന്നു സപ്ലൈകോയുടെ ശ്രമം. ഇതിനായി 400 കോടി രൂപ വകയിരുത്തിയിരുന്നു.
സാധനങ്ങള്‍ക്കായി കരാറുകാര്‍ക്കു നല്‍കുന്ന തുകയേക്കാള്‍ വളരെ ഉയര്‍ന്ന തുക സര്‍ക്കാരില്‍നിന്ന്‌ ഈടാക്കാനുള്ള നീക്കം മംഗളമാണ്‌ പുറത്തു കൊണ്ടുവന്നത്‌. സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടതോടെ കിറ്റിന്റെ വില 447 രൂപയില്‍ നിന്നും 384.44 രൂപയായി കുറഞ്ഞു. കഴിഞ്ഞ ദിവസം മാര്‍ക്കറ്റിങ്‌ എം.ജി.എം പുറത്തിറക്കിയ പുതിയ വിലവിവര പട്ടികയില്‍ മിക്ക സാധനങ്ങളുടെ വില ആദ്യം ഇറക്കിയ വിലയില്‍ നിന്നും കുറയുകയായിരുന്നു.
ഓണക്കിറ്റിലെ ഉപ്പിന്‌ കിലോയ്‌ക്ക്‌ 7.79 രൂപയ്‌ക്കാണ്‌ സപ്ലൈകോ കരാറുകാരില്‍ നിന്നും പര്‍ച്ചേഴ്‌സ്‌ റേറ്റില്‍ വാങ്ങുന്നത്‌. സപ്ലൈകോ ഹെഡ്‌ ഓഫീസ്‌ സ്‌ഥിതി ചെയ്യുന്ന എറണാകുളത്ത്‌ 6.95 രൂപയേ ഉള്ളൂ. ഗുജറാത്തിലെ കച്ച്‌ ഗാന്ധിധാം ആസ്‌ഥാനമായുള്ള ശ്രീ ദുര്‍ഗാ ചെംഫുഡ്‌ പ്രൈവറ്റ്‌ ലിമിറ്റഡില്‍ നിന്നുമാണ്‌ സപ്ലൈകോ ഉപ്പ്‌ വാങ്ങുന്നത്‌്. 7.79 രൂപയ്‌ക്ക്‌ വാങ്ങുന്ന ഉപ്പിന്‌ പക്ഷേ സപ്ലൈകോ സര്‍ക്കാരില്‍ നിന്നും വാങ്ങാന്‍ ശ്രമിച്ചത്‌് 11 രൂപയായിരുന്നു. ഇതാണ്‌ ഇപ്പോള്‍ 7.79 രൂപയായി കുറഞ്ഞത്‌. എന്നിട്ടും മൊത്ത വിപണിയെക്കാള്‍ കൂടുതലാണ്‌.
കുടുംബശ്രീയില്‍ നിന്നും 27 രൂപയ്‌ക്ക്‌ വാങ്ങുന്ന 100 ഗ്രാം ശര്‍ക്കരവരട്ടി/ചിപ്‌സ്‌ എന്നിവയ്‌ക്ക്‌ സപ്ലൈകോ സര്‍ക്കാരില്‍ നിന്നും വാങ്ങാന്‍ ശ്രമിച്ചത്‌ 35 രൂപയും. ഒരു പാക്കറ്റില്‍ എട്ടു രൂപയുടെ വിത്യാസം. ഇത്‌ ഇപ്പോള്‍ 30.24 ആയി കുറഞ്ഞത്‌.

പുതുക്കിയ വിലയും പഴയ വിലയും

പഞ്ചസാര 37.93 – 41
ശബരി വെളിച്ചെണ്ണ 63-65
ചെറുപയര്‍ 36.12 – 45
തുവരപ്പരിപ്പ്‌ 23.02- 25
ശബരി തേയില 20.02 – 32
ശബരി മുളകുപൊടി 25 – 26
ശബരി മഞ്ഞപ്പൊടി 15 – 16
ഉണക്കലരി 17.73 – 24
കശുവണ്ടി പരിപ്പ്‌ 40 – 41
ഏലയ്‌ക്കാ 25.20 – 26
മില്‍മാ നെയ്യ്‌ 33.38 – 35
ശര്‍ക്കരവരട്ടി/ഉപ്പേരി30.24 – 35
ഉപ്പ്‌ 7.79 – 11
തുണി സഞ്ചി 9.53 – 12