സിംഗപൂരില്‍ പുരുഷന്മാര്‍ തമ്മിലുള്ള ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കുമെന്ന് പ്രധാനമന്ത്രി ലീ സിയാന്‍ ലൂംഗ്

single-img
22 August 2022

സിംഗപൂര്‍ സിറ്റി: () സിംഗപൂരില്‍ പുരുഷന്മാര്‍ തമ്മിലുള്ള ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കുമെന്ന് പ്രധാനമന്ത്രി ലീ സിയാന്‍ ലൂംഗ് പറഞ്ഞു.

സിംഗപൂരിലെ സമൂഹം, പ്രത്യേകിച്ച്‌ നഗര പ്രദേശങ്ങളിലെ ചെറുപ്പക്കാര്‍ സ്വവര്‍ഗാനുരാഗികളെ കൂടുതല്‍ അംഗീകരിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹത്തിന്റെ നിയമപരമായ നിര്‍വചനത്തില്‍ മാറ്റം വരുത്താന്‍ പദ്ധതിയില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

‘ഇതാണ് ശരിയായ കാര്യമെന്ന് ഞാന്‍ വിശ്വസിക്കുന്നു, മിക്ക സിംഗപൂര്‍കാരും അംഗീകരിക്കും’, ദേശീയ ദിന റാലി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. പുരുഷന്മാര്‍ തമ്മിലുള്ള ലൈംഗികബന്ധം നിരോധിക്കുന്ന കൊളോണിയല്‍ കാലത്തെ നിയമമായ സെക്ഷന്‍ 377 എ സര്‍കാര്‍ റദ്ദാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും നിയമം എപ്പോള്‍ പിന്‍വലിക്കുമെന്ന് വ്യക്തമല്ല.

‘വിവാഹം പുരുഷനും സ്ത്രീയും തമ്മിലുള്ളതായിരിക്കണം, അത്തരം കുടുംബങ്ങളില്‍ കുട്ടികളെ വളര്‍ത്തണം, പരമ്ബരാഗത കുടുംബം സമൂഹത്തിന്റെ അടിസ്ഥാന നിര്‍മാണ ഘടകമാകണം’, ലീ പറഞ്ഞു. സിംഗപൂര്‍ 5.5 ദശലക്ഷത്തോളം ജനസംഖ്യയുള്ള ബഹുജാതി മത രാജ്യമാണ്. 31 ശതമാനം ബുദ്ധമത വിശ്വാസികളും 18.8 ശതമാനം ക്രിസ്ത്യാനികളും 16% മുസ്ലിംകളും രാജ്യത്തുണ്ട്.