മദ്യനയത്തിലെ ക്രമക്കേടില്‍ സിബിഐ പുറപ്പെടുവിച്ച ലുക്കഔട്ട് നോട്ടീസിനെതിരെ തുറന്നടിച്ച്‌ മനീഷ് സിസോദിയ

single-img
22 August 2022

ന്യൂ ഡല്‍ഹി : മദ്യനയത്തിലെ ക്രമക്കേടില്‍ സിബിഐ പുറപ്പെടുവിച്ച ലുക്കഔട്ട് നോട്ടീസിനെതിരെ തുറന്നടിച്ച്‌ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.

ഡല്‍ഹിയിലെ പുതിയ മദ്യനയം സംബന്ധിച്ച്‌ എക്സൈസ് മന്ത്രിയും കൂടിയായ സിസോദിയയ്ക്കെതിരെയാണ് കേന്ദ്ര അന്വേഷണ ഏജന്‍സി ലുക്കഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ലുക്ക്‌ഔട്ട് നോട്ടീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന നാടകമാണെന്നും താന്‍ ഡല്‍ഹിയില്‍ തന്നെയുണ്ടെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് ട്വിറ്ററില്‍ കുറിച്ചു.

“നിങ്ങളുടെ എല്ലാ റെയ്ഡും പരാജയമായിരുന്നു ഒന്നും തന്നെ കണ്ടെത്തിയിട്ടുമില്ല…. ഇപ്പോള്‍ മനീഷ് സിസോദിയയെ കാണ്മാനില്ലയെന്ന് പറഞ്ഞു കൊണ്ട് ലുക്ക്‌ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരിക്കുന്നു. ഡല്‍ഹി സ്വതന്ത്രനായി നടക്കുന്നു. എന്നെ കാണുന്നില്ല? ഞാന്‍ എങ്ങോട്ടാണ് വരേണ്ടതെന്ന് ദയവായി എന്നോട് പറയൂ” മനീഷ് സിസോദിയ ട്വിറ്ററില്‍ കുറിച്ചു

ഡല്‍ഹിയിലെ പുതിയ നയം സംബന്ധിച്ചുള്ള ക്രമക്കേടില്‍ സിബിഐ മനീഷ് സിസോദിയ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതിന് പിന്നാലെ കേന്ദ്ര ഏജന്‍സി ഡല്‍ഹി ഉപമുഖ്യമന്ത്രിക്കെതിരെ ലുക്ക്‌ഔട്ട് നോട്ടീസും വിദേശത്തേക്കുള്ള യാത്ര അനുമതിയും നിഷേധിച്ചിരിക്കുകയാണ്. ഇതെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിനെതിരെയും സിബിഐക്കുമെതിരെയുമായി എഎപി നേതാവ് ട്വിറ്ററില്‍ കുറിച്ചത്.

ഇന്നലെ ഓഗസ്റ്റ് 20 ന് അന്വേഷണത്തിന്റ് ഭാഗമായി പ്രതി പട്ടികയിലുള്ള മൂന്ന് പേരെ സിബിഐ ചോദ്യം ചെയ്തു. കൂടാതെ 19 വെള്ളിയാഴ്ച നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ച്‌ വരുകയാണ് കേന്ദ്ര ഏജന്‍സി. 15 പേര്‍ക്കെതിരെയുള്ള എഫ്‌ഐആറില്‍ സിസോദിയാണ് ഒന്നാം പ്രതി. ഐപിസി സെക്ഷന്‍ 120ബി ക്രിമനല്‍ ഗൂഢാലോചന 477എ വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് സിസോദിയ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സിബിഐ തങ്ങളുടെ എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്നത്.