ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്

single-img
22 August 2022

ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത ലൈംഗിക പീഡന കേസിൽ ജാമ്യം നൽകിയത് ചോദ്യം ചെയ്തുള്ള അതിജീവിതയുടെ ഹ‍‍ർജിയിലാണ് കോടതി നോട്ടീസ് അയച്ചത്.

ദളിത് യുവതിയാണ് താനെന്ന് അറിഞ്ഞു തന്നെയാണ് സിവിക് ചന്ദ്രൻ ലൈംഗിക പീഡനം നടത്തിയത് എന്നാണ് പീഡനത്തിനിരയായ യുവതി ഹർജിയിൽ ഉന്നയിക്കുന്നത്. അതുകൊണ്ടു തന്നെ പട്ടിക ജാതി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമത്തിന് വിരുദ്ധമാണ് ജാമ്യം അനുവദിച്ചുള്ള കീഴ്കോടതി ഉത്തരവെന്ന് ഹർജിക്കാരി കോടതിയെ അറിയിച്ചു.

മാത്രമല്ല സിവികിന് മുൻകൂർ ജാമ്യം അനുവദിച്ച് കൊണ്ട് കോഴിക്കോട് സെഷൻസ് കോടതി പുറത്തിറക്കിയ ഉത്തരവിൽ നിയമവിരുദ്ധ പരാമർശങ്ങളുണ്ടെന്നും പരാതിക്കാരി ചൂണ്ടിക്കാണിച്ചു.

എന്നാൽ പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഇരയ്ക്ക് കോടതിയെ സമീപിക്കാൻ ആകുമോ എന്ന് ഹൈക്കോടതി ചോദിച്ചു. അതിജീവിത നൽകിയ അപ്പീലിൽ കോടതി വിശദീകരണം തേടി. ഹ‍‍ർജി ഇനി പരിഗണിക്കുമ്പോൾ ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ കോടതി സർക്കാരിനോട് നിർദേശിച്ചു. തിങ്കളാഴ്ച, ഹ‍ർജി കോടതി വീണ്ടും പരിഗണിക്കും.

ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ദളിത് യുവതിയെ പീഡിപ്പിച്ചെന്ന ആദ്യ കേസിൽ ജാമ്യം അനുവദിച്ച കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് ഹർജി നൽകിയത്. സെഷൻസ് കോടതി ഉത്തരവ് പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്ന നിയമത്തിന് എതിരാണെന്നും സത്യം പുറത്തുകൊണ്ടുവരാൻ പ്രതിയെ കസ്റ്റഡിയിലെടുക്കേണ്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.