കെജ്രിവാൾ മോഡൽ പരാജയം; ഡൽഹിയിൽ അഴിമതി അതിന്റെ പാരമ്യത്തിലെത്തി: കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ

single-img
21 August 2022

കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഡൽഹി മദ്യനയ കേസിലെ രാജാവ് എന്ന് വിളിച്ച് രൂക്ഷ വിമർശനം ഉയർത്തി. ദേശീയ തലസ്ഥാനത്ത് അഴിമതി അതിന്റെ പാരമ്യത്തിലെത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ നടത്തിയ റെയ്ഡിന് ശേഷം ഡൽഹിയിലെ എക്സൈസ് നയം തിരിച്ചെടുത്തത് നഗരത്തിൽ അഴിമതി നടന്നതായി തെളിയിക്കുന്നു എന്ന് ബിജെപി നേതാവ് പറഞ്ഞു. “ഡൽഹിയിൽ കെജ്രിവാൾ മോഡൽ പരാജയപ്പെട്ടു. അഴിമതി അതിന്റെ പാരമ്യത്തിലെത്തി. സിബിഐയുടെ റെയ്ഡിന് ശേഷം ഡൽഹിയിൽ എക്സൈസ് നയം തിരിച്ചെടുത്തത് അഴിമതി നടന്നിട്ടുണ്ടെന്ന് തെളിയിക്കുന്നു.”- മാധ്യമങ്ങളോട് സംസാരിക്കവെ അനുരാഗ് താക്കൂർ പറഞ്ഞു,

അരവിന്ദ് കെജ്‌രിവാൾ ഇതിന് മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസി തനിക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അവകാശപ്പെട്ട ദിവസമാണ് അദ്ദേഹത്തിന്റെ പരാമർശം.
ഡൽഹി സർക്കാരിന്റെ എക്സൈസ് നയം 2021-22 ലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതി ഉൾപ്പെടെ 31 സ്ഥലങ്ങളിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ വെള്ളിയാഴ്ച റെയ്ഡ് നടത്തിയിരുന്നു .

ഇതോടൊപ്പം തന്നെ ഡൽഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലെ നിരവധി പ്രതികളെ ശനിയാഴ്ച സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.കേസുമായി ബന്ധപ്പെട്ട രേഖകളും റെയ്ഡിനിടെ പിടിച്ചെടുത്ത ഇലക്‌ട്രോണിക് ഉപകരണങ്ങളും ഉൾപ്പെടെയുള്ള ബാങ്ക് ഇടപാടുകൾ പരിശോധിക്കുന്ന പ്രക്രിയയാണ് അന്വേഷണ ഏജൻസി ഇപ്പോൾ അന്വേഷിക്കുന്നത്.