ലിബിയയില്‍ ഐസിസിന് വേണ്ടി ചാവേര്‍ ആക്രമണം നടത്തിയ ഇന്ത്യക്കാരന്‍ മലയാളി; കൂടുതൽ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

single-img
21 August 2022

ന്യൂഡല്‍ഹി: ലിബിയയില്‍ ഐസിസിന് വേണ്ടി ചാവേര്‍ ആക്രമണം നടത്തിയ ഇന്ത്യക്കാരന്‍ മലയാളിയാണെന്ന വിവരത്തെ തുടര്‍ന്ന് ഇയാളെക്കുറിച്ച്‌ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു.

കേരളത്തില്‍ നിന്നുള‌ള യുവാവാണ് സിര്‍ത്തില്‍ ചാവേര്‍ ആക്രമണത്തില്‍ മരിച്ചതെന്നും ഇയാള്‍ എങ്ങനെ ആഗോള ഭീകരസംഘടനയായ ഐസിസില്‍ എത്തിയെന്നും സംഘടനയുടെ മുഖപത്രമായ ‘വോയിസ് ഓഫ് ഖൊറെസ’നില്‍ വന്ന ലേഖനത്തില്‍ പറയുന്നുണ്ട്.

എന്നാല്‍ ലിബിയന്‍ പട്ടണമായ സിര്‍ത്തില്‍ എന്ന് നടന്ന ആക്രമണത്തിലാണ് ഇയാള്‍ മരിച്ചതെന്നോ ഇയാളുടെ യഥാര്‍ത്ഥ പേരോ ലേഖനത്തില്‍ പറയുന്നില്ല. അബു ബക്കര്‍ അല്‍-ഹിന്ദി എന്ന പേരാണ് ഇയാള്‍ക്ക് സംഘടന നല്‍കിയിരിക്കുന്നത്. ഇയാള്‍ കേരളത്തിലെ ക്രിസ്‌ത്യന്‍ കുടുംബത്തില്‍ പെട്ടയാളാണ്. നിരവധി എഞ്ചിനീയര്‍മാരുള‌ള കുടുംബത്തിലെ അംഗമാണ്. മാതാപിതാക്കളുടെ ഒറ്റ‌മകനാണ്. ആദ്യം ബംഗളൂരുവില്‍ എഞ്ചിനീയറായി ജോലി നോക്കിയ ഇയാള്‍ പിന്നീട് ഗള്‍ഫില്‍ എഞ്ചിനീയറായി ജോലിചെയ്‌തു. ഈ സമയം തങ്ങളുടെ ആശയവുമായി ഇന്റര്‍നെറ്റിലൂടെ അടുത്ത ഇയാള്‍ അവിടെ ഐസിസുമായി ബന്ധമുള‌ളവരെ ഇന്റര്‍നെറ്റിലൂടെ തിരഞ്ഞ് കണ്ടെത്തി.

ഐസിസില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് യമനില്‍ പ്രവര്‍ത്തിക്കാന്‍ ഏല്‍പ്പിച്ചതായും എന്നാല്‍ അവിടേക്ക് പോകാനാകാത്തതിനാല്‍ ഇയാളോട് മടങ്ങാന്‍ ആവശ്യപ്പെട്ടതായും സംഘടനാ മുഖപത്രത്തിലുണ്ട്. തുടര്‍ന്ന് നാട്ടിലെത്തിയ ഇയാള്‍ക്ക് ഇവിടെ വിവാഹാലോചന നടക്കുന്ന സമയത്ത് ലിബിയയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. ഇവിടെയെത്തിയ ഇയാള്‍ക്ക് കൃത്യമായി പരിശീലനം ലഭിച്ചു. പിന്നീട് ഒരു ചാവേര്‍ ആക്രമണത്തിന് തയ്യാറായി ഇയാള്‍തന്നെ മുന്നോട്ട് വന്നതായും സംഘടനയ്‌ക്കായി ചാവേറായി മരിച്ചതായുമാണ് ലേഖനത്തില്‍ പറയുന്നത്.

2015-16 സമയത്ത് ലിബിയയില്‍ നടന്ന ചാവേര്‍ ആക്രമണത്തിലാണ് ഇയാള്‍ മരിച്ചതെന്നാണ് കരുതപ്പെടുന്നത്. ‘ആഫ്രിക്കയില്‍ കൊല്ലപ്പെടുന്ന ഇന്ത്യയില്‍ നിന്നുള‌ള ആദ്യ രക്തസാക്ഷി’ എന്നാണ് ഐസിസ് ഇയാളെക്കുറിച്ച്‌ പറയുന്നത്.